രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവർന്നതായി കരുതപ്പെടുന്ന പണിക്കേഴ്‌സ് ഗ്രാനൈറ്റ്സ് വിഗ്രഹ നിർമാണശാലയുടെ ഓഫീസ് അലങ്കോലപ്പെട്ട നിലയിൽ

പഞ്ചലോഹ വിഗ്രഹങ്ങൾ നിർമാണശാലയിൽ നിന്നും കവർന്നുവെന്ന ഉടമകളുടെ പരാതിയിൽ ദുരുഹത

ചെങ്ങന്നൂർ: പഞ്ചലോഹ വിഗ്രഹങ്ങൾ നിർമാണശാലയിൽ നിന്നും കവർന്നുവെന്ന ഉടമകളുടെ പരാതിയിൽ ദുരുഹത ഉയരുന്നതായി പൊലീസ്. എംസി റോഡിൽ ചെങ്ങന്നൂർ മുളക്കുഴ കരയ്ക്കാട്ട് ആലപ്പുഴ ജില്ലാ അതിർത്തിക്കു സമീപമുള്ള പണിക്കേഴ്സ് ഗ്രാനൈറ്റ്സ് - എന്ന വിഗ്രഹ നിർമാണശാലയിൽ നിന്നും ഞായറാഴ്ച രാത്രി 9.30നോടെ കാറുകളിലും ബൈക്കുകളിലുമായി എത്തിയ സംഘം രണ്ടു കോടി വില വരുന്ന 60 കിലോഗ്രാം തൂക്കമുള്ള പഞ്ചലോഹ അയ്യപ്പവിഗ്രഹം തങ്ങളെ ആക്രമിച്ച ശേഷം കവർന്നെന്നാണ് പരാതി.

ചെങ്ങന്നൂർ തട്ടാവിള കുടുംബാംഗങ്ങളായ എൻ.സി.പി ചെങ്ങന്നൂർ നിയോജക മണ്ഡലം സെക്രട്ടറി, മഹേഷ് പണിക്കരും സഹോദരൻ പ്രകാശ് പണിക്കരും ചേർന്നാണ് പൊലീസിനു പരാതി നൽകിയത്. ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുവാൻ വേണ്ടി നിർമ്മിക്കുകയായിരുന്നുവത്രെ. വാഹനങ്ങളിലെത്തിയവരെ തടയാനായി ശ്രമിച്ച തങ്ങളേയും - ജീവനക്കാരേയും ആക്രമിച്ച ശേഷമാണ് വിഗ്രഹം കടത്തിയതത്രെ.

പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ സംശയാസ്പദമായ ഒട്ടേറെ കാര്യങ്ങൾ ഉയർന്നു വന്നു. ഉടമസ്ഥരായ രണ്ടു സഹോദരങ്ങൾ നൽകിയ മൊഴിയിലും പരസ്പര വിരുദ്ധവും വൈരുധ്യങ്ങളുമാണ്. വിഗ്രഹത്തിന്‍റെ തൂക്കം കവർച്ചാ സംഘത്തിലെ ആളുകളുടെ എണ്ണത്തെ സംബന്ധിച്ചും പറയുന്നതിൽ വ്യത്യാസങ്ങളുണ്ട്. ഒട്ടേറെയാളുകൾ താമസിക്കുന്ന വീടുകളുള്ള റോഡരികിൽ നടന്ന സംഭവത്തിൽ വാദികൾ പറയുന്നത് അനുസരിച്ചുള്ള ആളുകൾ എത്തിച്ചേർന്നിരുന്നില്ലെന്ന് അയൽവാസികൾ വെളിപ്പെടുത്തി. രാത്രി 10 മണിക്കു മുൻപ് മോഷണത്തിനായി ഇത്രയുമാളുകൾ ഇപ്പറയുന്ന സന്നാഹങ്ങളുമായി ഒരിക്കലും എത്തിച്ചേരുവാനിടയില്ലെന്നും പരസ്പരം ഏറ്റുമുട്ടിയെന്ന് അവകാശപ്പെടുമ്പോൾ ഇവർക്കേറ്റ രണ്ട് പരിക്കുകൾ നിസാരമാണെന്നുമാണ് പൊലിസിന്‍റെ കണ്ടെത്തൽ.

നിശ്ചിത കാലയളവിനുള്ളിൽ പൂർത്തികരിച്ചു നൽകാമെന്നുള്ള കരാർ ലംഘനം, ഉപയോഗിക്കാനായിട്ടുള്ള പഞ്ചലോഹങ്ങളുടെ കുറവ്, ആർക്കു വേണ്ടിയാണോ വിഗ്രഹം പൂർത്തീകരിച്ചു നൽകുവാൻ ഏറ്റത് അവരെ വിഷയത്തിൽ നിന്നും തെറ്റിദ്ധരിപ്പിക്കൽ, തൊഴിൽ തർക്കത്തിൽ ജോലിക്കാരെ കുരുക്കൽ തുടങ്ങിയ ഒട്ടേറെ സംശയങ്ങളാണ് പൊലീസിനു മുന്നിലുള്ളത്. ഈ വിധത്തിലുള്ളഎല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ടെന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി, പി.വി. ബേബി പറഞ്ഞു.

Tags:    
News Summary - kerala police investigation in Chengannur Theft Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.