ചെങ്ങന്നൂർ: വിവാഹത്തിൽ നിന്നും പിൻവാങ്ങിയതിന് പിന്നാലെ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. യുവതിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചെങ്ങന്നൂരിലാണ് സംഭവം. സംഭവത്തിൽ ഇലക്ട്രീഷ്യനായ കാരാഴ്മ നാമ്പോഴിൽ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രൻ(വാസു 32)നെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ കാരാഴ്മകിഴക്കു
ഏഴാം വാർഡിൽ ലക്ഷം വീട് കോളനിയിൽ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ(48) ഭാര്യ നിർമ്മല(55) മകൻ സുജിത്ത് (33), മകൾ സജിന (24),, റാഷുദ്ദീന്റെ സഹോദരി ഭർത്താവ് എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീൻ, സജിന എന്നിവരെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ആലപ്പുഴ വണ്ടാനത്തേക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി.
യുവതി ഗൾഫിൽ നിന്നും വീട്ടിൽൈ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമം. മൂന്നു പേർ മാവേലിക്കരയിൽ ചികിൽസയിലാണ്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. പ്രതി സംഭവസ്ഥലത്തെത്തിയ വാഹനം മറ്റൊരു സ്ഥലത്ത് മാറ്റിവെച്ച ശേഷമാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. വീടിന്റെ വടക്കുഭാഗത്തു നിന്നും പ്രവേശിച്ച് പ്രതി മുറ്റത്തുനിന്നിരുന്ന സജിനയുടെ കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ഉന്നം തെറ്റി ഇടത് കൈക്ക് മുറിവേൽക്കുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ മറ്റ് അംഗങ്ങളെയും പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചു. വാസുവിന്റെ കയ്യിൽ നിന്നും ആയുധം പിടിച്ചുവാങ്ങിയതോടെ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തിൽ വരയുകയായിരുന്നു.
ആദ്യവിവാഹത്തിൽ സജിനക്ക് അഞ്ച് വയസ് പ്രായമുള്ള കുട്ടിയുണ്ട്, ആദ്യ ഭർത്താവ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സജിനയെ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി കുടുംബത്തെ സന്ദർശിച്ചിരുന്നെങ്കിലും നിരസിക്കുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് യുവതി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്നാൽ പ്രതിയുടെ ശരിയായ സ്വഭാവം മനസിലാക്കിയതോടെ വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന് യുവതി അറിയിച്ചു. ഇതിൻരെ വൈരാഗ്യമാണ് ആക്രമത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.