ചെങ്ങന്നൂര്‍: നാലു പതിറ്റാണ്ടായി സഞ്ചാരമുള്ള കനാല്‍ റോഡ് കൈയേറി വഴിയടച്ചിട്ട് പതിറ്റാണ്ട്. ദുരിതങ്ങള്‍ക്കൊടുവില്‍ നാട്ടുകാര്‍ക്ക് വഴിയൊരുക്കാൻ മന്ത്രി സജി ചെറിയാൻ നേരിട്ടെത്തി. പുലിയൂര് ഗ്രാമപഞ്ചായത്ത് തിങ്കളാമുറ്റം വാര്‍ഡിലെ ആനത്താറ്റ് പി.ഐ.പി കനാല്‍ റോഡ് സ്വകാര്യ വ്യക്തി കൈയേറി വഴിയടച്ചതോടെയാണ് നാട്ടുകാരുടെ ഗതാഗതം മുടങ്ങിയത്. മന്ത്രിയുടെ മുന്നില്‍ പരാതിയുമായി എത്തിയ നാട്ടുകാരുടെ ദുരിതം നേരിട്ട് കണ്ട് ബോധ്യപ്പെടാനും ഗതാഗതത്തിന് വഴി ഒരുക്കാനുമായിട്ടാണ് തിങ്കളാഴ്ച മന്ത്രി നേരിട്ടെത്തിയത്. സ്ഥലം കണ്ട് മനസ്സിലാക്കിയ മന്ത്രി വര്‍ഷങ്ങളുടെ ദുരിതം പരിഹരിക്കാമെന്ന ഉറപ്പും നല്കി.
പി.ഐ.പി കനാല്‍ നിര്‍മിച്ച റോഡ് 1976 മുതല്‍ 15ഓളം വീട്ടുകാര്‍ ഗതാഗതത്തിനായി ഉപയോഗിച്ചിരുന്നത്. ആനത്താറ്റ്-തിങ്കളാമുറ്റം പി.ഐ.പി കനാലിന്റെ തെക്കുഭാഗത്ത് കൂടിയുള്ള ജീപ്പ് റോഡായിരുന്നു. 1997 ജനുവരിയില്‍ ജീപ്പ് റോഡിന്റെ ഒരു ഭാഗം സ്വകാര്യ വ്യക്തി കൈയേറിയതോടെ അന്നത്തെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി പി.കെ. ഗോപാലന്റെ നേതൃത്വത്തില്‍ കൈയേറ്റം തിരിച്ചുപിടിച്ച് റോഡ് പൂർവസ്ഥിതിയിലാക്കി.
ഇതിനുശേഷം 2013 ജനുവരിയില്‍ വീണ്ടും ഈ റോഡ് കൈയേറി താഴ്ചയില്‍ മണ്ണെടുത്തുമാറ്റി വീണ്ടും ഗതാഗതയോഗ്യമല്ലാതാക്കി മാറ്റി. 10 വര്‍ഷത്തിലധികമായി ഗതാഗതയോഗ്യമല്ലാതായി. ഇതാണ് പരാതിയായി മന്ത്രി സജി ചെറിയാന് മുന്നിലെത്തിയത്. റവന്യൂ, പി.ഐ.പി ,വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവരും നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.