ചെങ്ങന്നൂർ: യാത്രക്കിടെ കുഴഞ്ഞുവീണ യുവതിയെ സമയംകളയാതെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരെ മോട്ടോർവാഹന വകുപ്പ് ആദരിച്ചു. മുഴങ്ങോടിയിൽ ബസ്സിലെ ജീവനക്കാരായ വിഷ്ണു, രഞ്ജിത്ത് എന്നിവരെയാണ് മാവേലിക്കര സബ് ആർ.ടി ഓഫിസ് ആദരിച്ചത്.
മാവേലിക്കരയിൽ നിന്ന് വെള്ളിയാഴ്ച തിരുവല്ലയിലേക്കുള്ള ബസിൽ കയറിയ പാണ്ടനാട് സ്വദേശിയായ യുവതി മാന്നാർ കുട്ടമ്പേരൂർ കോയിക്കൽ മുക്കിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്നാണ് ബസ് വേഗത്തിൽ ആശുപത്രിയിലേക്ക് ഓടിച്ചുപോയത്.
കുഴഞ്ഞുവീണ യുവതിക്ക് സഹയാത്രികർ സി.പി.ആർ ഉൾപ്പെടെയുള്ള പ്രഥമശുശ്രൂഷ നൽകിയിരുന്നു. ജീവനക്കാരായ വിഷ്ണുവും രഞ്ജിത്തും കൂടി ബസ്സ് പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മാവേലിക്കര ജോയിൻ്റ് ആർ.ടി.ഒ എം.ജി. മനോജ് ഇരുവരെയും ആദരിച്ചു. എം.വി.ഐ കെ.എസ്. പ്രമോദ്, എ.എം.വി.ഐമാരായ എസ്. ഹരികുമാർ, ജി. ദിനൂപ്, എൻ. പ്രസന്നകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് പാലമുറ്റത്ത് വിജയകുമാർ, സെക്രട്ടറി കെ.എം. പൊന്നപ്പൻ, സംസ്ഥാന ഭാരവാഹി സാബു കടുകോയിക്കൽ, ബിജു മുഴങ്ങോടിയിൽ, അനിൽ, ഷംസ് എന്നിവരുടെ നേതൃത്വത്തിലും ജീവനക്കാരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.