ചെങ്ങന്നൂർ: അടൂരിനും-കോട്ടയത്തിനും മധ്യേയുള്ള പ്രധാനപ്പെട്ട ബസ് സ്റ്റേഷനായ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡ്രൈവർമാരില്ലാത്തതിനാൽ സർവിസുകൾ മുടങ്ങുന്നു. നിലവിൽ 43 ഷെഡ്യൂളുകളാണ് ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്നത്. 99 ഡ്രൈവർമാർ വേണ്ടിടത്ത് നിലവിൽ 73 പേർ മാത്രമാണുള്ളത്. സ്ഥലംമാറ്റം നടപ്പാകുന്നതോടെ 11 പേർ കൂടി ഇവിടെയെത്തിയേക്കുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും ആകെ 84 പേരെ ആകൂ. 15 പേരുടെ കുറവ് അപ്പോഴുമുണ്ടാകും.
വെള്ളിയാഴ്ച രാവിലെ 6.30ന് ആരംഭിക്കേണ്ട കോട്ടയം, കൊല്ലം, ഏഴിന് തുടങ്ങേണ്ട വെൺമണി, പന്തളം, 7.50ന്റെ ചങ്ങനാശ്ശേരി, എട്ടിന്റെ കോട്ടയം, തിങ്കളാമുറ്റം മാവേലിക്കര, കൊല്ലം, കോഴഞ്ചേരി തുടങ്ങി എട്ട് സർവീസുകളാണ് അയക്കാൻ കഴിയാത്തത്. ചെങ്ങന്നൂരിന് അനുവദിച്ച രണ്ട് തെങ്കാശി സർവീസുകൾ കോട്ടയത്തിന് മാറ്റുകയും ചെയ്തു. കുമളി, മല്ലപ്പള്ളി, തിരുവല്ല, അടൂർ തുടങ്ങിയ ഡിപ്പോകൾ ബസുകളുടെ അഭാവത്തിൽ ട്രിപ്പുകൾ റദ്ദാക്കുകയാണ്. ചെങ്ങന്നൂരിൽ ജീവനക്കാരുടെ അഭാവം മൂലം ബസുകൾ വെറുതെ കിടക്കുന്നതിനാൽ മറ്റ് ഡിപ്പോകൾ ആവശ്യപ്പെട്ടാൽ വിട്ടുകൊടുക്കേണ്ടിവരും. വിട്ടുകാടുത്താൽ പിന്നീട് അവ മടക്കി ലഭിക്കുകയുമില്ല. അത് വരുമാനത്തെ പ്രതികൂലമായി ബാധിക്കുകയും സ്റ്റേഷൻ ഡീ ഗ്രേഡ് ചെയ്യുന്ന അവസ്ഥ സംജാതമാക്കുമെന്ന ആശങ്കയുമുണ്ട്. ഫാസ്റ്റ് പാസഞ്ചർ- 15, സൂപ്പർ ഫാസ്റ്റ്- രണ്ട്, ഓർഡിനറി- 24, കണ്ടക്ടർ കം ഡ്രൈവർ സ്വിഫ്റ്റ്- രണ്ട് എന്നിങ്ങനെ ആകെ 43 സർവീസാണുളളത്. 29,000 രൂപ കലക്ഷനുള്ളതാണ് തിരുവനന്തപുരം സൂപ്പർഫാസ്റ്റ്. മന്ത്രി അടിയന്തിരമായി ഇടപെട്ട് ഡ്രൈവർമാരുടെ ക്ഷാമം പരിഹരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.