ചെങ്ങന്നൂർ: നീണ്ട 144 വർഷത്തെ വിദ്യാദാന പാരമ്പര്യവുമായി ഊട്ടുപറമ്പ് എം.എസ്.സി എൽ.പി സ്കൂൾ ഒളിമങ്ങാത്ത ഓർമകളുയർത്തി കാലത്തിന്റെ പടവുകൾ താണ്ടുന്നു. തിരുവനന്തപുരം മലങ്കര സിറിയൻ കാത്തലിക് അതിരൂപതയുടെ പരിധിയിലുള്ള മാവേലിക്കര ഭദ്രാസനത്തിനു കീഴിൽ തിരുവല്ല-കായംകുളം സംസ്ഥാനപാതയിൽ കോയിക്കൽ മുക്ക് മഹാത്മജി സ്മാരക വായനശാലക്ക് സമീപമാണ് ഈ മുതുമുത്തശ്ശി പള്ളിക്കൂടം പ്രവർത്തിക്കുന്നത്. 1878ലാണ് സ്കൂൾ സ്ഥാപിതമായതെന്നാണ് ആധികാരിക രേഖ.
പഴയ പ്രീ കെ.ഇ.ആർ പ്രകാരം അഞ്ച് സെന്റ് വസ്തുവിൽ ഊട്ടുപറമ്പിൽ വലിയാശാൻ എന്ന അക്ഷരസ്നേഹി ആശാൻ പള്ളിക്കൂടം സ്ഥാപിച്ച് കുട്ടികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തി. കാലക്രമത്തിൽ സ്കൂളായി മാറി.
ഒന്നുമുതൽ നാലുവരെ മലയാളം മീഡിയത്തിന് പുറമെ പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നു. സ്കൂളിൽ പ്രഥമാധ്യാപികയും അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ ഏഴോളം ജീവനക്കാരുണ്ട്. 2003 ഫെബ്രുവരിയിൽ സ്കൂളിന്റെ 125ആം വാർഷികം അന്നത്തെ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി ഉൾപ്പെടെയുള്ള പ്രമുഖരെ പങ്കെടുപ്പിച്ചാണ് സംഘടിപ്പിച്ചത്. ചെന്നിത്തല ഒരിപ്രം സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി വികാരിയാണ് ലോക്കൽ മാനേജർ. അൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് കുട്ടികളെ ചേർത്തുപഠിപ്പിക്കാനുള്ള വ്യഗ്രത സമൂഹത്തിൽ ഉണ്ടായിട്ടും കുട്ടികളുടെ കുറവ് ബാധിക്കാതെ പഠനത്തിലും കലാ-കായിക രംഗങ്ങളിലും മികവുപുലർത്തി ശോഭമങ്ങാതെ സ്കൂൾ പ്രയാണം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.