ചെങ്ങന്നൂർ: കെ-റെയിൽ സമരത്തിന്റെ ഭാഗമായി നട്ട ഏത്തവാഴക്കുലക്ക് മൂന്നുമണിക്കൂർ നീണ്ട ലേലത്തിൽ 45,100 രൂപക്ക് ലേലത്തിൽ പോയി. പ്രവാസി മലയാളി സജി കൊളകത്തിലാണ് (ഷാർജ) ലേലം വിളിച്ചെടുത്തത്. കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി 2022ലെ പരിസ്ഥിതി ദിനത്തിൽ സംസ്ഥാന വ്യാപകമായി ‘എം.എൽ.എക്ക് പകരം വാഴ’ പരിപാടിയിൽ വാഴത്തൈ നട്ട് പ്രതിഷേധിച്ചിരുന്നു.
വിളവായ വാഴക്കുലകൾ വെട്ടി പരസ്യലേലം നടത്തി അതിലൂടെ ലഭിക്കുന്ന തുക തങ്കമ്മയുടെ ഭവന നിർമാണ ഫണ്ടിലേക്ക് നൽകണമെന്ന സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം മുളക്കുഴ തെക്ക് യൂനിറ്റ് തച്ചിലേത്ത് കുരിശുംമൂട് ജങ്ഷനിൽ നടത്തിയ കുല ലേലത്തിലാണ് വൻ തുകക്ക് വിറ്റഴിച്ചത്. 1000 രൂപയിലായിരുന്നു ലേലംവിളി തുടങ്ങിയത്.
ആവേശംനിറഞ്ഞ ലേലംവിളിക്കൊടുവിലാണ് പ്രവാസി മലയാളി 45,100 രൂപക്ക് ഉറപ്പിച്ചത്. നേരത്തേ കുന്നന്താനം നടക്കലിൽ 28,000 രൂപക്കണ് ലേലം സ്ഥിരപ്പെടുത്തിയത്. കെ-റെയിൽ പദ്ധതിയുടെ ഭാഗമായി തങ്കമ്മയുടെ മൂന്ന് സെന്റ് സ്ഥലത്ത് മഞ്ഞക്കുറ്റി സ്ഥാപിച്ചതും പിന്നീട് പുനഃസ്ഥാപിച്ചതും വിവാദമായിരുന്നു. ലേലത്തുക കൊഴുവല്ലൂർ കിഴക്കേമോടിയിൽ തങ്കമ്മക്ക് നൽകുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി കുല വെട്ടി ലേലം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു.
വീടുവെച്ച് കൊടുക്കാൻ തയാർ; അതിന് കൊലക്കച്ചവടം ആവശ്യമില്ല -മന്ത്രി
ആലപ്പുഴ: ചെങ്ങന്നൂരിൽ വീടിന്റെ അടുപ്പിളക്കി കെ-റെയിലിനായി മഞ്ഞക്കുറ്റി സ്ഥാപിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ തങ്കമ്മ എന്ന സ്ത്രീയെ പിന്നീട് കണ്ടിട്ടില്ലെന്നും അവർക്ക് വീടുവെച്ച് കൊടുക്കാൻ തയാറാണെന്നും മന്ത്രി സജി ചെറിയാൻ. സിൽവർ റെയിൽ സമരത്തിന്റെ പേരിൽ വാഴക്കുല വെട്ടി ലേലം ചെയ്തവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തങ്കമ്മക്ക് വീടുവെച്ച് നൽകാമെന്ന വാക്കിൽനിന്ന് പിന്നോട്ടുപോയിട്ടില്ല. കെ-റെയിൽ പദ്ധതിക്ക് തങ്കമ്മയുടെ മൂന്ന് സെന്റ് സ്ഥലത്തെ ഒറ്റമുറി വീടിനോട് ചേർന്നാണ് അടയാളക്കല്ലിട്ടത്. അതാണ് യു.ഡി.എഫുകാർ പിഴുതെറിഞ്ഞത്. കോൺഗ്രസുകാർ അനുവാദമില്ലാതെ ഊരിക്കൊണ്ടുപോയ കല്ല് പുനഃസ്ഥാപിക്കുകായിരുന്നു. പദ്ധതിപ്രദേശത്തെ മൂന്ന് സെന്റിൽ വീടുവെക്കാൻ കഴിയില്ല. തൊട്ടടുത്ത് സ്ഥലം കണ്ടെത്തിയാൽ ന്യായവില കൊടുത്ത് ഭൂമി വാങ്ങി വീടുവെച്ച് നൽകുമെന്നാണ് പറഞ്ഞിരുന്നത്. അതിന് അപേക്ഷ നൽകാനെത്തിയ തങ്കമ്മയെ പിന്നീട് കണ്ടിട്ടില്ല. സമരസമിതി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കരുണ പെയിൻ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റി നിർമിക്കുന്ന 40 വീടുകളിൽ 33 എണ്ണത്തിന്റെ താക്കോൽ കൈമാറി. പാലിയേറ്റിവ് സൊസൈറ്റിയുടെ സംവിധാനം ഉപയോഗപ്പെടുത്തി തങ്കമ്മക്ക് വീടുവെച്ചു നൽകാൻ തയാറാണ്. അതിന് കൊലക്കച്ചവടത്തിന് പോകണ്ടേ കാര്യമില്ല-അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.