ചെങ്ങന്നൂർ: വൃക്ക പകുത്തുനൽകിയ ഭാര്യ രജനിയുടെ കരുതലിൽ മനോജ് ജീവിതം തിരികെപ്പിടിക്കുകയാണ്. മുളക്കുഴ അരീക്കര എട്ടാം വാർഡിൽ മനോജ്ഭവനിൽ ബി. മനോജിന്റെയും (മനു -48) ഭാര്യ രജനിയുടെയും (37) ജീവിതം സ്നേഹത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയാണ്. വൃക്കകളിലൊന്ന് ഭർത്താവിന് പകുത്തുനൽകിയ രജനി മുളക്കുഴ പഞ്ചായത്തിലെ ആദ്യ വൃക്കദാതാവ് കൂടിയാണ്. ശസ്ത്രക്രിയ കഴിഞ്ഞിട്ട് അഞ്ചരമാസമായി. ജീവിതത്തിന് ചലനമേകുന്ന രജനിയുടെ കളങ്കമില്ലാത്ത കരുതലിന്റെയും സ്നേഹത്തിന്റെയും കാര്യം പറയുമ്പോൾ ഓട്ടോഡ്രൈവറായ മനോജിന്റെ കണ്ഠമിടറും.
2004 ആഗസ്റ്റ് 20നായിരുന്നു ഇവരുടെ വിവാഹം. ഓട്ടോയിൽനിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് മനോജ് കുടുംബം പോറ്റിയിരുന്നത്. രണ്ടുകുട്ടികളടക്കം നാലംഗ കുടുംബത്തിന് ഇടിത്തീയായി രണ്ടുവർഷം മുമ്പാണ് മനോജിന്റെ ഇരുവൃക്കയും തകരാറിലായത്. മരുന്നുകളും ഡയാലിസിസിലുമായിട്ടായിരുന്നു തുടർ ജീവിതം. പിന്നീടാണ് വൃക്ക മാറ്റിവെക്കാൻ തീരുമാനിച്ചത്. വൃക്കദാനവും മാറ്റിവെക്കൽ ശസ്ത്രക്രിയയും നടന്നത് 2022 സെപ്റ്റംബർ 19നാണ്.
2021ലെ കനത്തമഴയിലും കാറ്റിലും തകർന്ന വീട്ടിലെ ഒറ്റമുറിയിലാണ് ഇവരുടെ ദുരിതജീവിതം. ഈ വീട്ടിലേക്ക് പോകാൻ നടവഴി പോലുമില്ല. വസ്തുവിനോട് ചേർന്ന് തുറന്നു കിടക്കുന്ന സ്കൂൾ വളപ്പിലൂടെയാണ് യാത്ര. വൃക്കദാതാവായതിനാൽ രജനിക്ക് കഠിനജോലി ചെയ്യാനാവില്ല. ഒപ്പം മനോജിനെ നോക്കുകയവും വേണം. ചികിത്സക്കും മരുന്നിനും മാസത്തിൽ വൻതുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഇത് നിർധന കുടുംബത്തിന് താങ്ങാവുന്നതല്ല. വേണ്ടപ്പെട്ടവരുടെയും നാട്ടുകാരുടെയും സഹായത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
തങ്ങൾക്ക് കൈത്താങ്ങായി തുടർന്നും കരുണയുള്ളവർ എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇതിനായി മനോജിന്റെ പേരിൽ കാനറ ബാങ്കിന്റെ മുളക്കുഴ (ചെങ്ങന്നൂർ) ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 59 66101002517. ഐ.എഫ്.എസ്.സി: സി.എൻ.ആർ.ബി 000 5966. ഫോൺ: 9847630478.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.