ചെങ്ങന്നൂർ: പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെ എത്തുന്നതിനായി 42കാരൻ 11 കെ.വി ലൈനിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത് പ്രദേശത്തെ മുൾമുനയിലാക്കി. ചെങ്ങന്നൂർ മുളക്കുഴ ഗ്രാമപഞ്ചായത്ത് അറന്തക്കാട് 11ാം വാർഡ് കൊഴുവല്ലൂർ തലക്കുളഞ്ഞിയിൽ വീട്ടിൽ സുധാകരനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
ഞായറാഴ്ച രാവിലെ 11ഓടെയാണ് സംഭവം. കൊഴുവല്ലൂർ-അറന്തക്കാട് റോഡരികിലുള്ള വീടിന് മുന്നിലൂടെ കടന്നുപോകുന്ന 11 കെ.വി ലൈനിലെ വൈദ്യുതി പോസ്റ്റിന് മുകളിലാണ് മരംവെട്ട് തൊഴിലാളിയായ സുധാകരൻ കയറിയത്. ഇതുകണ്ട നാട്ടുകാർ ഉടൻ തന്നെ ഇലക്ട്രിസിറ്റി സെക്ഷൻ ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
മുകളിലിരുന്നുകൊണ്ട് പിണങ്ങിപ്പോയ തെൻറ ഭാര്യയും മക്കളും തിരികെ മടങ്ങിവരണമെന്നായിരുന്നു ഉപാധിവെച്ചത്. ഗ്രാമപഞ്ചായത്ത് അംഗം തോമസ് എബ്രഹാം വിവരം ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിച്ചു. അവർ സംഭവസ്ഥലത്ത് പാഞ്ഞെത്തി. സുധാകരനുമായി ഫോണിൽ ആശയവിനിമയം നടത്തി. തുടർന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ, സുധാകരെൻറ ഭാര്യ ജോലിയെടുക്കുന്ന നാല് കിലോമീറ്റർ അകലെയുള്ള വീട് കണ്ടുപിടിച്ച് അവരെ അനുനയിപ്പിച്ച് ഒരു മകനെയും കൂട്ടി വൈകീട്ട് 3.30ഓടെ എത്തിച്ചേർന്നു. ഇരുകൂട്ടരുമായി സംസാരിച്ചു നാലുമണിയോടെ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് സുധാകരൻ താഴെയിറങ്ങിയതോടെയാണ് അഞ്ച് മണിക്കൂർ നീണ്ട ആശങ്ക ഒഴിവായത്. കഴിഞ്ഞ മൂന്ന് മാസമായി ഭാര്യയും മകനും മകളും സുധാകരനുമായി പിണങ്ങി കഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.