ചെങ്ങന്നൂർ: തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വതന്ത്രാംഗമായ പി.വി. സജനെ പ്രസിഡന്റാക്കി എൽ.ഡി.എഫ്-യു.ഡി.എഫ് കൂട്ടുകെട്ട് ബി.ജെ.പിയെ നാലാം തവണയും ഭരണത്തിൽനിന്ന് ഒഴിവാക്കി. വൈസ് പ്രസിഡന്റായി കഴിഞ്ഞ മാസം ഇതേ പദവി രാജിവെച്ച എൽ.ഡി.എഫിലെ ഒമ്പതാം വാർഡ് അംഗം ബീന ബിജുവിനെ വീണ്ടും തെരഞ്ഞെടുത്തു.
13 അംഗ ഗ്രാമപഞ്ചായത്തില്‍ എൽ.ഡി.എഫിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഏപ്രിൽ 29ന് ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിഗണനക്ക് എടുക്കുന്നതിന് മുമ്പ് രാജിവെച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആറാം വാര്‍ഡ് അംഗം പി.വി. സജനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ചു. ഇടതു-വലതു മുന്നണികളിൽനിന്നായി ഏഴ് അംഗങ്ങൾ പിന്തുണച്ചതോടെ എട്ടുവോട്ട് നേടി വിജയിച്ചു. എതിർസ്ഥാനാർഥി ബി.ജെ.പിയിലെ സജു ഇടക്കല്ലിന് അഞ്ചുവോട്ടും ലഭിച്ചു. ഉച്ചക്കുശേഷം നടന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽനിന്നുള്ള ഇടതു സ്വതന്ത്ര ബീന ബിജുവിന്റെ പേര് മുൻ പ്രസിഡന്റ് ബിന്ദു കുരുവിള നിർദേശിക്കുകയും കോൺഗ്രസ് അംഗം ഗീത പിന്താങ്ങുകയും ചെയ്തു. ബി.ജെ.പിയിലെ കല രമേശായിരുന്നു എതിർ സ്ഥാനാർഥി.
ബി.ജെ.പി -അഞ്ച്, എൽ.ഡി.എഫ് -നാല്, കോണ്‍ഗ്രസ് -മൂന്ന്, സ്വതന്ത്രന്‍ -ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. കോണ്‍ഗ്രസ് അംഗങ്ങളുടെ മൂന്നുവീതം വോട്ടുകൂടി നേടി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടുതവണ പ്രസിഡന്റ് ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവെച്ചിരുന്നു. എന്നാല്‍, മൂന്നാം തവണയും സമാനരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അന്ന് ഭരണത്തിലേറാന്‍ തീരുമാനിക്കുകയായിരുന്നു. ബി.ജെ.പിയെ ഒഴിവാക്കാൻ പ്രസിഡന്റായി പി.വി. സജനെ കോൺഗ്രസും എൽഡി.എഫും പുറമെനിന്ന് പിന്തുണക്കുകയായിരുന്നുവെന്നും വൈസ് പ്രസിഡന്റായി ബീന ബിജുവിനു കോൺഗ്രസും പുറമെനിന്ന് പിന്തുണ നൽകുകയായിരുന്നുവെന്നും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി കുതിരവട്ടം 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.