ചെങ്ങന്നൂർ: വർഷത്തിൽ ഒരിക്കൽമാത്രം കൃഷിയിറക്കാൻ കഴിയുന്ന അപ്പർകുട്ടനാടൻ പുഞ്ചപാടശേഖരമായ മാന്നാർ കുരട്ടിശ്ശേരിയിലെ നെൽകർഷകരുടെ ദീർഘകാലമായുള്ള മുറവിളിയായ മുക്കം -വാലേൽ ബണ്ടിന്റെ നിർമാണം പുരോഗമിക്കുന്നു. മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസന പ്രവൃത്തികളുടെ ഭാഗമായി കർഷകരുടെയും പാടശേഖര സമിതികളുടെയും വർഷങ്ങളുടെ കാത്തിരിപ്പിനാണ് ഫലമുണ്ടായിരിക്കുന്നത്.
കഴിഞ്ഞ നവംബറിലാണ് നിർമാണോദ്ഘാടനം നടന്നതെങ്കിലും പിന്നീട് പ്രവൃത്തികൾക്ക് കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. മീൻകുഴിവേലി മോട്ടർത്തറക്ക് സമീപമുള്ള കലുങ്കു നിർമാണത്തിലെ അപാകത കർഷകർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും ഇടക്കുണ്ടായ വെള്ളപ്പൊക്കവും നിർമാണപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.
നാലുതോട്, കുടവള്ളാരി-എ, കുടവള്ളാരി-ബി, കണ്ടങ്കേരി, വേഴത്താർ, അരിയോടിച്ചാൽ, ഇടപ്പുഞ്ച കിഴക്ക്, പടിഞ്ഞാറ് എന്നീ ഏഴു പാടശേഖരങ്ങളുടെ പുറംബണ്ടിലൂടെയാണ് 5500 മീറ്റർ നീളമുള്ള മുക്കം-വാലേൽബണ്ട് കടന്നുപോകുന്നത്. മാന്നാർ- വീയപുരം പഞ്ചായത്ത് അതിർത്തിയായ മേൽപാടം വാലയിൽ ഭാഗത്താണിത് അവസാനിക്കുന്നത്.
നബാർഡിൽ നിന്നുള്ള അഞ്ചര കോടിരൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. നിലവിലുള്ള റോഡ് ഉയർത്തിയും വശങ്ങളിൽ സംരക്ഷണഭിത്തി കെട്ടി ഉയർത്തിയുമാണ് നിർമാണം. ആറിലധികം കലുങ്കുകളും മോട്ടോർപുരകളും നിർമിക്കുന്നു. വട്ടപ്പണ്ടാരി കലുങ്കിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു.
മീൻകുഴിവേലി കലുങ്കിന്റെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. മുക്കം വാലേൽബണ്ടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കർഷകർക്കുണ്ടായിരുന്ന പരാതികളും ആശങ്കകളും പരിഹരിക്കാനായി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അമ്പിളിയുടെ നേതൃത്വത്തിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നാലുതോട് പാടശേഖരസമിതി ഭാരവാഹികളുമായി സംസാരിച്ച് ഉചിതമായ നടപടികൾ സ്വീകരിച്ചിരുന്നു.
ബണ്ട് പൂർത്തിയായാൽ ഇപ്പോഴുള്ള അധിക കൃഷിച്ചിലവുകൾ കുറച്ച് ഉൽപാദനം ഇരട്ടിയാക്കാനും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനും കഴിയും. കർഷകർക്ക് കൃഷി ലാഭകരമായി മാറും. ഇത് കൂടുതൽ ആളുകളെ കാർഷിക വൃത്തിയിലേക്ക് ആകർഷിക്കാനും ഇടയാക്കും. അപകടരഹിതമായ ടൂറിസം പദ്ധതിയിലൂടെ കൂടുതൽ ആളുകൾ ഇവിടേക്ക് എത്തിച്ചേരാനും ഇടയാക്കും. പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കാലത്താണ് ആദ്യമായി ബണ്ട് എന്ന ആശയം ഉയർന്നത്.
കേന്ദ്രഫണ്ടിൽ ഒന്നര കോടിയോളം രൂപയും എം.പി, എം.എൽ.എ, ബ്ലോക്ക് ഫണ്ടുകളും വിനിയോഗിച്ച് ബണ്ട് നിർമിച്ചെങ്കിലും ഉയരക്കുറവും കലുങ്ക് നിർമാണത്തിലെ അപാകതകളും ഉണ്ടായിരുന്നു. എന്നിരുന്നാലും കൃഷിനിലങ്ങളിലേക്ക് വാഹനങ്ങളിൽ വളവും മറ്റും കൊണ്ടുപോകുന്നതിനും വിളവെടുത്ത നെല്ലും മറ്റും കയറ്റി വിടുന്നതിനും യാത്രാസൗകര്യങ്ങളുണ്ടായത് ഏറെ അനുഗ്രഹമായി മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.