ചെങ്ങന്നൂർ: കട്ടൻ കുടിച്ച് പത്രവായനയും കഴിഞ്ഞ് സത്യപ്രതിജ്ഞ ദിവസം രാവിലെ 'നിയുക്ത മന്ത്രി ഇറങ്ങിയത് പതിവ് യാത്രക്ക്. ലുങ്കിയും ഷർട്ടുമിട്ട് സ്കൂട്ടറിൽ കൊഴുവല്ലൂരിലേക്ക്. മന്ത്രിയെന്ന മാറ്റമൊന്നും അതിനു തടസ്സമായില്ല. കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ കൃഷിയിടമായ കരുണ സെൻററിലെത്തിയ സജി അവിടെ കുറച്ചുനേരം ചെലവിട്ട് തിരികെ വീട്ടിലേക്ക്. എട്ടോടെ വീട്ടിലെത്തുമ്പോഴേക്കും അനുമോദനങ്ങളുമായി ആളുകൾ എത്തി തുടങ്ങിയിരുന്നു. ഒപ്പം വിവിധ ആവശ്യങ്ങളുമായി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലുള്ളവരുടെ പതിവ് തിരക്കും. എൽ.ഡി.എഫ് നേതാക്കളും വിവിധ സംഘടന ഭാരവാഹികളും മറ്റുമായിരുന്നു ഏറെയും. രാവിലെ പത്തോടെ പ്രദേശത്തെ രക്തസാക്ഷി മണ്ഡപങ്ങളിലേക്ക്. രക്തസാക്ഷികളായ പാണ്ടനാട് രവി, കുഞ്ഞുകുഞ്ഞ് എന്നിവരുടെ സ്മൃതികുടീരങ്ങളിൽ എത്തി ആദ്യ ആദരവ്. മാന്നാർ പുഷ്പസേനൻ നായർ, ചെന്നിത്തല അച്യുതക്കുറുപ്പ്, വെണ്മണി ചാത്തൻ, ചെറിയനാട് ശിവരാമൻ എന്നിവരുടെ രക്തസാക്ഷി മണ്ഡപങ്ങളിലും പാർട്ടി പ്രവർത്തകരോടൊപ്പം പൃഷ്പാർച്ചന നടത്തി.
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ പാണ്ടനാട് പഞ്ചായത്തിൽ ആരംഭിച്ച കോവിഡ് ഡി.സി.സിയുടെ ഉദ്ഘാടനവും നിർവഹിച്ചു. സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ഓഫിസായ പി.കെ. കുഞ്ഞച്ചൻ സ്മാരക മന്ദിരത്തിൽ കാത്തിരുന്ന പ്രവർത്തകരുടെ അടുത്തേക്ക്. ആഹ്ലാദം അണപൊട്ടിയ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ നിയുക്തമന്ത്രിയെ സ്വീകരിച്ചത്.
സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച്. റഷീദ് സജിയെ പൊന്നാടയണിയിച്ചു. കേക്കുമുറിച്ച് സജി മധുര വിതരണം നടത്തി. മണ്ഡലത്തിലെ ആദ്യകാല പാർട്ടി പ്രവർത്തകരെയും പ്രധാന വ്യക്തികളെയും വീടുകളിൽ എത്തി സന്ദർശിച്ചു. വിവിധ ലോക്കൽ കമ്മിറ്റി ഓഫിസുകളിൽ എത്തി പ്രവർത്തകരുടെ സ്വീകരണവും ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.