ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ആങ്ങായിൽ ഭാഗത്ത് ഭൂകമ്പം അനുഭവപ്പെട്ടു. നാൽപതോളം വീടുകൾക്ക് വിള്ളലുണ്ടായി.വ്യാഴാഴ്ച രാവിലെ 11.45നും 12നും അനുഭവപ്പെട്ട ഉഗ്രശബ്ദംകേട്ട് വീട്ടിനകത്ത് ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു. മൂന്ന് കി.മീ. ചുറ്റളവിൽ കാതടപ്പിക്കുന്ന ശബ്ദമുണ്ടായി.
ഇലവുംപറമ്പിൽ അനിയൻ എബ്രഹാം, ഇ.എ. ബാബു, ഇ.ടി. തങ്കച്ചൻ, കുഞ്ഞുമോൻ, ലിജി തോമസ്, രാജു, കുര്യാക്കോസ്, മാത്യു, ഏലിയാമ്മ, ജോയി യോഹന്നാൻ, ആങ്ങായിൽ കിഴക്കേതിൽ, സുനിൽ വർഗീസ്, കെ.ഐ. എബ്രഹാം, ജനാർദനൻ കൊല്ലംപറമ്പിൽ, മാത്യു പ്ലാംതറയിൽ, ജോയി മാത്യു, നെടുംതറയിൽ എന്നിവരുടെ വീടുകൾക്കാണ് വിള്ളലുണ്ടായത്.
അതേസമയം ഭൂമിയുടെ ഉപരിതലത്തിൽ ഭൂജലം ഒഴുകുന്ന സമയത്ത് ഭൂമി അതിനെ ബാലൻസ് ചെയ്യുമ്പോഴുണ്ടാകുന്ന പ്രഷർ പുറത്തേക്കുപോകുന്ന പ്രതിഭാസമാണിതെന്നും മഴക്കാലം കഴിയുന്നതോടെ ഒരു പ്രത്യേക സ്ഥലങ്ങളിൽ മാത്രം ഇത് ഉണ്ടാകുന്നതാണെന്നും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അസി. ജിയോളജിസ്റ്റ് ഡോ. ബദറുദ്ദീൻ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെൻറ് ഹൈഡ്രോളജിസ്റ്റ് അനുരൂപ് എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയശേഷം പറഞ്ഞു.
ഇനിയും സമാന രീതിയിലുള്ള സംഭവത്തിന് സാധ്യത തള്ളിക്കളയാനാവില്ല. ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലന്നും അവർ വ്യക്തമാക്കി.
കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എ സജി ചെറിയാൻ, ആർ.ഡി.ഒ ജി. ഉഷാകുമാരി, തഹസിൽദാർ എസ്. മോഹനൻപിള്ള, വില്ലേജ് ഒാഫിസർ സിന്ധു, റേഞ്ച് ഐ.ജി കാളിരാജ്, സി.ഐ ജോസ് മാത്യു, എസ്.ഐ എസ്.വി. ബിജു, ഫയർ ഓഫിസർ ശംഭു നമ്പൂതിരി, വാർഡ് അംഗങ്ങളായ ഹരികുമാർ, രശ്മി സുഭാഷ്, ഗീത സുരേന്ദ്രൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.