ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് ഒരുകാലത്ത് മൺപാത്ര നിർമാണത്തിന്റെ കേന്ദ്രമായിരുന്നു. ഇപ്പോൾ അത് പഴങ്കഥയായി. ഇപ്പോൾ രണ്ട് കുടുംബങ്ങൾ മാത്രം ചളികുഴച്ച് പാത്രങ്ങൾ മെനഞ്ഞ് ജീവിതം തള്ളിനീക്കുന്നു. കല്ലിശ്ശേരി ഉമയാറ്റുകര വല്യവീട്ടിൽ വടക്കേതിൽ ശിവശിങ്കരൻ (72), ഭാര്യ പൊന്നമ്മ (68), വല്യവീട്ടിൽ ഉണ്ണി (60), ഭാര്യ ലളിത (50) എന്നിവരാണിവർ. നേരത്തേ, അറുപതിൽപരം കുടുംബങ്ങളാണ് തിരുവൻവണ്ടൂരിൽ മൺപാത്രങ്ങൾ നിർമിച്ചിരുന്നത്.
മേന്മയുള്ള ചളി കിട്ടാനില്ലാത്തതും ചുട്ടെടുക്കാൻ വിറകിന് വേണ്ടിവരുന്ന ചെലവുമാണ് മൺപാത്ര വ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്. യന്ത്രങ്ങളുടെ അഭാവവും ഈ മേഖലയുടെ തകർച്ചക്ക് കാരണമായി. മനസ്സിൽ ഉരുത്തിരിയുന്ന ആശയങ്ങൾ കരവിരുതിന്റെയും കാലുകളുടെയും ചലനങ്ങളിലൂടെ അച്ചുകളിലും വീലുകളിലും മൂശകളിലുമായി ശിൽപചാതുരിയോടെയാണ് രൂപപ്പെടുത്തിയെടുക്കുന്നത്. അകവും പുറവും ഒരുപോലെ വെയിലിന്റെ ചൂടിൽ ഉണക്കിയെടുത്ത്, ചൂളകളിൽ അടുക്കി മൂന്നു ദിനരാത്രങ്ങൾ മുട്ടിയും വിറകും വെച്ച് തീയിട്ട് ചൂടാക്കിയാണ് ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നത്.
1000 കിലോ വിറകുവേണം ഒരു ചൂള പാത്രങ്ങൾ ചുട്ടെടുക്കാൻ. ഈ കഷ്ടപ്പാടുകളെല്ലാം താണ്ടി പാത്രങ്ങൾ വിറ്റാൽ ലഭിക്കുന്ന തുകയും ഉൽപാദനത്തിന് വേണ്ടിവന്ന ചെലവും താരതമ്യം ചെയ്താൽ കഷ്ടിച്ച് ജീവിതം തള്ളിനീക്കാമെന്നേയുള്ളൂവെന്ന് ഇപ്പോഴും ഈ തൊഴിൽ ചെയ്യുന്ന രണ്ട് കുടുംബങ്ങളും പറയുന്നു. പുതുതായി ആരും ഈ രംഗത്തേക്ക് വരുന്നില്ല. മുമ്പ് ഈ തൊഴിലിൽ ഏർപ്പെട്ടവരെല്ലാം മറ്റ് തൊഴിലുകൾ തേടിപ്പോയി.
കോട്ടയം ചെങ്ങളം ഭാഗത്തുനിന്നാണ് ഇപ്പോൾ പശയുള്ള ചളി എത്തിക്കുന്നത്. അവിടെ നിന്ന് ഒരു ടെമ്പോ ചളി തിരുവൻവണ്ടൂരിലെത്തിക്കാൻ 60,000 രൂപ ചെലവാകും. പിന്നെ വിറക്, കച്ചി, ആറ്റുമണൽ തുടങ്ങിയ അനുബന്ധ ഘടകങ്ങൾക്കും വേണം നല്ലൊരു തുക. ചട്ടികൾ, കുടങ്ങൾ, ചെടിച്ചട്ടികൾ മാത്രമാണിപ്പോൾ ഇവിടെ നിർമിക്കുന്നത്. കച്ചവടക്കാർ ഉൾപ്പെടെ എത്തി വാങ്ങിക്കൊണ്ടുപോകും. മുൻകാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി വിൽപന നടത്തിയിരുന്നു. തമിഴ്നാട്ടിൽനിന്ന് മെഷീനിൽ നിർമിക്കുന്ന മൺപാത്രങ്ങൾ വൻതോതിൽ കേരളത്തിലേക്ക് വരുന്നുണ്ട്. മൊത്ത കച്ചവടക്കാർ മുഖേനയാണ് അവ വിപണിയിലേക്കെത്തുന്നത്. അവയെ അപേക്ഷിച്ച് ഇവിടെ ഉണ്ടാക്കുന്നവക്ക് വില കൂടുതലാണ്.
കൃത്രിമ പശയും ചായവും ഒക്കെ ചേർത്തവയാണ് തമിഴ്നാട്ടിൽനിന്ന് എത്തുന്ന മൺപാത്രങ്ങളിൽ ഏറെയും. അവയിൽ ആഹാരസാധനങ്ങൾ പാകം ചെയ്യുന്നത് എത്രമാത്രം സുരക്ഷിതമാണെന്നും പറയാനാവില്ല. തിരുവൻവണ്ടൂരിലെ പാത്രങ്ങളുടെ മേന്മ അറിയുന്നവർ അത് തേടിയെത്തുന്നുണ്ട്. അതാണ് രണ്ട് കുടുംബങ്ങളുടെയും ആശ്വാസം.
കാലുകൾകൊണ്ട് അഞ്ച് മണിക്കൂറോളം ചവിട്ടിക്കുഴക്കുന്ന ചളിമണ്ണിൽ അരച്ചു നേർമയാക്കിയ തരിമണൽ ചേർത്താണ് നിർമാണത്തിന് ആവശ്യമായ അസംസ്കൃതവസ്തു തയാറാക്കുന്നതെന്ന് ശിവശങ്കരന്റെ ഭാര്യ പൊന്നമ്മ ‘മാധ്യമ’ത്തോട് പറഞ്ഞു.
മക്കൾക്കൊന്നും ഇതിനോട് താൽപര്യമില്ലാത്തതിനാൽ മറ്റു മേഖലകളിലേക്ക് അവർ പോയി. ഞങ്ങളുടെ കാലംകൂടി കഴിഞ്ഞാൽ ഈ കുലത്തൊഴിൽ അന്യംനിന്നുപോകുമെന്നും പുതിയ തലമുറയെ ആകർഷിക്കാനുതകുന്ന കർമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും പൊന്നമ്മ പറഞ്ഞു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.