ചെങ്ങന്നൂർ: പുനർജന്മത്തിനായി കേഴുകയാണ് ജല സ്രോതസ്സായിരുന്ന ഉത്തരപ്പള്ളിയാർ. വർഷങ്ങളായുള്ള കൈയേറ്റങ്ങളിലൂടെ നീരൊഴുക്ക് തടസ്സപ്പെട്ട് കെട്ടിടങ്ങളും പുരയിടങ്ങളുമായി മാറിയതാണ് ഉത്തരപ്പള്ളിയാറിന്റെ നിലവിലെ സ്ഥിതി. സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും നിരന്തരമായ നിവേദനങ്ങളുടെയും തുടർസമരങ്ങളുടെയും ഫലമായി ഉത്തരപ്പള്ളിയാറിനെ വീണ്ടെടുക്കാനുള്ള നടപടികളുടെ ഭാഗമായി സർക്കാർ ഉത്തരവിറങ്ങുകയും അതനുസരിച്ച് ആറു വർഷം മുമ്പ് റവന്യൂ സംഘം സർവേ നടത്തുകയും ചെയ്തിരുന്നു.
സർവേ പൂർത്തിയായപ്പോൾ 145 ഓളം കൈയേറ്റങ്ങളാണ് കണ്ടെത്തിയത്. ഇക്കാര്യത്തിൽ ഹൈകോടതി മുഖേന അനുകൂലവിധി സമ്പാദിച്ചിട്ടും കൈയേറ്റങ്ങൾ ഒഴിപ്പിച്ച് നദി വീണ്ടെടുക്കാനുള്ള നടപടി ചുവപ്പുനാടയിൽ കുരുങ്ങുകയായിരുന്നു. 2018 ലായിരുന്നു കോടതിവിധി. തുടർന്ന് ഇതിന്റെ ശരിപ്പകർപ്പുകൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്കും റവന്യൂ, ഇറിഗേഷൻ, കൃഷി വകുപ്പുകൾക്കും നൽകിയിരുന്നു. ഉത്തരപ്പള്ളിയാറിന്റെ വീണ്ടെടുപ്പിനായി 15 കോടി രൂപ 2021ലെ സംസ്ഥാന ബജറ്റിൽ വകയിരുത്തുകയും ചെയ്തു. പിന്നെയും വർഷങ്ങൾ കഴിഞ്ഞിട്ടും നീരൊഴുക്ക് പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ഇനിയും തയാറായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ഒരുകാലത്ത് ചെങ്ങന്നൂർ താലൂക്കിന്റെ ഗതാഗത സൗകര്യമായിരുന്നു ഉത്തരപ്പള്ളിയാർ. പാറാത്തപ്പള്ളിയാറെന്നും കുഴിപ്പുഴയെന്നും പേരുകളുണ്ട്. ഉത്തരപ്പള്ളിയാറിലെ ജലം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത് കാർഷിക മേഖലകളാണ്. വെണ്മണി ആലാ, ചെറിയനാട്, പുലിയൂർ, ബുധനൂർ എന്നി അഞ്ച് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന നൂറുകണക്കിനു പാടശേഖരങ്ങളിലെ നെൽകൃഷിക്കും ഇടവേളകളിൽ പച്ചക്കറികൃഷിക്കും ഉത്തരപ്പള്ളിയാർ സഹായകരമായിരുന്നു. അന്ന് ഉത്തരപ്പള്ളിയാറ്റിലേക്ക് ജലം കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള കൈതോടുകളും പമ്പ് ഹൗസുകളും ചീപ്പുകളും ഉണ്ടായിരുന്നു. ഇപ്പോൾ അത്തരം ജലസേചന മാർഗങ്ങളെല്ലാം അപ്രത്യക്ഷമായി.
പമ്പ ഇറിഗേഷൻ കനാലിന്റ ചോർച്ചമൂലം ഇപ്പോൾ വേനൽക്കാലത്തും വയലുകൾ വെള്ളക്കെട്ടായി മാറിയിരിക്കുന്നു. ഇതിനാൽ നെൽകൃഷി ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. അഞ്ച് വില്ലേജുകളിലായി 18 കിലോമീറ്റർ ദൂരത്തിലൊഴുകിയിരുന്നതാണ് ഉത്തരപ്പള്ളിയാറ്. 10 കിലോമീറ്റർ ദൂരം ആറ് കൈതോടിന്റെ രൂപത്തിലാണിപ്പോഴുള്ളത്. ബാക്കിയുള്ള ഭാഗങ്ങളിൽ ആറ് കാണാനേയില്ല.
ആലാ പഞ്ചായത്ത് പരിധിയിലുള്ള ഭാഗത്താണ് കൂടുതൽ കൈയേറ്റം നടന്നിട്ടുള്ളതെന്ന് പല സർവേകളും വ്യക്തമാക്കുന്നു. ആലാ പ്രദേശത്തുമാത്രം ഒന്നര കിലോമീറ്ററോളം കൈയേറിയിട്ടുണ്ട്. ആറിന്റെ ചില ഭാഗത്ത് 25 മീറ്ററോളം വീതിയുള്ളപ്പോൾ മറ്റുള്ളിടത്ത് കൈത്തോടിന്റെ വലുപ്പം പോലുമില്ല. കൈയേറിയ ഭാഗങ്ങളിൽ കെട്ടിടങ്ങൾ പോലും നിർമിച്ചിരിക്കുന്നു. നീരൊഴുക്ക് നിലച്ച പുഴയുടെ പലസ്ഥലത്തും വന്മരങ്ങളും കുറ്റിക്കാടുകളും വളർന്നുനിൽക്കുന്നു. അങ്ങിങ്ങായി വെള്ളമുള്ള ഭാഗത്ത് മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു. അതേസമയം, പുഴ ഒഴുകിയിരുന്ന പ്രദേശങ്ങളിൽ വൻ മണൽ സാന്നിധ്യമുണ്ട്. മേൽമണ്ണ് മാറ്റിയാൽ 25 മുതൽ 40 അടി ആഴത്തിൽ വരെ മണലാണ്.
അനധികൃത മണലൂറ്റ് മുമ്പ് നടന്നിരുന്നെങ്കിലും ഇപ്പോഴില്ല. പുഴ പുനർനിർമിക്കുമ്പോൾ ലഭിക്കുന്ന മണൽ നിലവിലുള്ള മണൽ ക്ഷാമത്തിന് പരിഹാരമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഉത്തരപ്പള്ളിയാർ പുനർനിർമിച്ചാൽ കൃഷിക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനാകും.
ഇപ്പോൾ നീരൊഴുക്കില്ലാതെ ജലം കെട്ടിക്കിടക്കുന്നതുമൂലം പാരിസ്ഥിതിക പ്രശ്നങ്ങൾ രൂക്ഷമാകുന്നു. കെട്ടിക്കിടക്കുന്ന മലിനജലം ഉറവകളായി ഒലിച്ചിറങ്ങി ആറിന്റെ സമീപ പ്രദേശങ്ങളിലെ കിണറുകളിൽ എത്തുന്നതുമൂലം മാരകരോഗങ്ങൾ വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി ഉത്തരപ്പള്ളിയാർ സംരക്ഷിക്കണമെന്ന ആവശ്യവും കടലാസിൽ മാത്രമായി മാറി.
ഇക്കാര്യത്തിൽ ഡോ. എം.എസ്. സ്വാമിനാഥൻ കമീഷനെ ആലാ റൂറൽ ഡവലപ്മെന്റ് ആൻഡ് കൾച്ചറൽ സൊസൈറ്റി സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡോ. സ്വാമിനാഥൻ കമീഷൻ ഉത്തരപ്പള്ളിയാറിന്റെ പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കുകയും പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തിതിരുന്നു. എന്നാൽ, പിന്നീട് ചില അതിർത്തി നിർണയ സർവേകളുടെ സ്ഥാപനമല്ലാതെ മറ്റ് പ്രവർത്തനങ്ങളൊന്നും നടന്നില്ല.
ഉത്തരപ്പള്ളിയാറിന്റെ പുനരുജ്ജീവനം ഒരു ജനതയുടെ മുഴുവൻ പ്രത്യാശയാണ്. പമ്പാനദിയുടെ കൈവഴിയായ ‘വരട്ടാർ’ പുനരുദ്ധാരണ മാതൃക ഉത്തരപ്പള്ളിയാറിന്റെ കാര്യത്തിലും സ്വീകരിക്കണമെന്നാണ് ആവശ്യം. ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളും ശക്തമായ നിലപാടെടുത്താൽ ഉത്തരപ്പള്ളിയാറ് പഴയതുപോലെ തീരങ്ങളെ തഴുകിയുണർത്തി വീണ്ടും ശാന്തമായി ഒഴുകുമെന്ന് നാട്ടുകാർ ആശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.