വർഗസമരം കമ്യൂണിസ്റ്റുകാരുടെ കുത്തകയല്ല -ജി. സുധാകരൻ

ആലപ്പുഴ: വർഗസമരം കമ്യൂണിസ്റ്റുകാരുടെ കുത്തകയല്ലെന്നും അത് ചരിത്രം പഠിക്കുന്നവർക്ക് അറിയാൻ കഴിയുമെന്നും ജി. സുധാകരൻ. കേരളത്തിലെ ആദ്യതൊഴിലാളി യൂനിയനായ തിരുവിതാംകൂർ ലേബർ അസോസിയേഷൻ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പ്രവർത്തകർക്ക് ചരിത്രബോധം ഉണ്ടാകണം. മുമ്പുള്ള കോൺഗ്രസ്​ നേതാക്കൾക്ക്​ അതുണ്ടായിരുന്നു. ഞങ്ങളുടെ പാർട്ടിയിലുള്ളവരുടെ ഇപ്പോഴത്തെ കാര്യം പറഞ്ഞാൽ വിവാദമാകുമെന്നതിനാൽ പറയുന്നില്ല. സാമ്പത്തിക അസമത്വത്തിനെതിരെയാണ് വർഗസമരം രൂപപ്പെട്ടത്. വർഗസമരം കമ്യൂണിസ്റ്റുകാരുടെ കുത്തകയല്ല. അതിനെ രാഷ്ട്രീയവത്കരിക്കുകയാണ് കമ്യൂണിസ്റ്റുകാർ ചെയ്തത്. തിരുവിതാംകൂറിൽ വർഗസമരത്തിന് തുടക്കം കുറിച്ചത്​ വാടപ്പുറം ബാവയാണ്. അതിനായി അദ്ദേഹം തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപവത്കരിച്ചു. അത് പിൽക്കാലത്ത് ട്രേഡ് യൂനിയനായി വളർന്നു.

അങ്ങനെയാണത്​ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂനിയനായി തീർന്നത്. ആ സംഘടനയാണ് പുന്നപ്ര-വയലാർ സമരത്തിന്​ അടിത്തറയായത്. വാടപ്പുറം ബാവ തെളിച്ച ദീപം അണഞ്ഞുപോയില്ലെന്നതിന് തെളിവാണ് ഇതെല്ലാം.

അയ്യൻകാളി, ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്നിവർക്കൊപ്പമാണ് വാടപ്പുറം ബാവക്കും സ്ഥാനം നൽകേണ്ടത്​. രാഷ്ട്രീയപ്രസ്ഥാന പിന്തുണയില്ലാതെ അന്യായത്തിനെതിരെ പോരാടിയതാണ് തിരുവിതാംകൂർ ലേബർ തൊഴിലാളി പ്രസ്ഥാനമെന്നും അതിനെ രാഷ്ട്രീയവത്കരിക്കേണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഇപ്പോൾ വികസനമെന്തെന്നറിയാത്തവർ പത്രഓഫിസുകൾ കയറിയിറങ്ങി പ്രസ്താവന ഇറക്കുകയാണ്​.

നാടിനുവേണ്ടി ഒരു തുള്ളി വിയർപ്പൊഴുക്കാത്തവരാണ് ഇപ്പാൾ പ്രസ്താവന നടത്തുന്നത്. ആലപ്പുഴയിൽ മുമ്പില്ലാത്തവിധം റോഡ് വികസനമാണ് തന്‍റെ നേതൃത്വത്തിൽ നടത്തിയതെന്നും സുധാകരൻ പറഞ്ഞു. വാടപ്പുറം ബാവ, അയ്യൻകാളി, ശ്രീനാരായണഗുരു എന്നിവരുടെ ചരിത്രം മറയ്ക്കാൻ ബോധപൂർവം ശ്രമം നടന്നതായി ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗം ഡോ. സി.ഐ. ഐസക് പറഞ്ഞു. വാടപ്പുറം ബാവ ഫൗണ്ടേഷൻ പ്രസിഡന്‍റ്​ സജീവ് ജനാർദനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഡി. ശ്രീനിവാസൻ, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി കെ.സി. സുധീർബാബു, വി. കമലാസനൻ, ജാക്സൺ ആറാട്ടുകുളം എന്നിവർ സംസാരിച്ചു.

Tags:    
News Summary - Class struggle is not the monopoly of the communists -G. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.