അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചടങ്ങിൽനിന്ന് തന്നെ ഒഴിവാക്കിയതിൽ പരിഭവമില്ലെന്ന മുഖവുരയോടെയാണ് സുധാകരന്റെ ഫേസ്ബുക്കിലൂടെയുള്ള വിമർശനം. വഴിയരികിൽ വെക്കുന്ന ഫ്ലക്സുകളിലല്ല ജനഹൃദയങ്ങളിൽ രൂപപ്പെടുന്ന ഫ്ലക്സുകളാണ് പ്രധാനം. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനായി പ്രവർത്തിച്ച ചിലരെ പരിപാടിയിൽനിന്ന് ഒഴിവാക്കി (മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി. വേണുഗോപാൽ) എന്ന് മാധ്യമങ്ങൾ പരാതിപ്പെടുന്നു. ഒഴിവാക്കേണ്ട കാര്യമില്ലായിരുന്നു. ശൈലജയെയും ഉൾപ്പെടുത്താമായിരുന്നു. ആദ്യവസാനം മുന്നിൽ നിന്ന എന്നെ ഓർക്കാതിരുന്നതിൽ പരിഭവമില്ല. ആശുപത്രിയുടെ പ്രവൃത്തി ആരംഭിച്ച കാലത്ത് താൻ പൊതുമരാമത്ത് മന്ത്രിയുമായിരുന്നു. ആദ്യഘട്ടങ്ങളിൽ കെ.സി. വേണുഗോപാൽ എം.എൽ.എയും പിന്നെ എം.പിയും ആയിരുന്നു.
ആരോഗ്യമന്ത്രി ശൈലജയോടൊപ്പം ഞാൻ മുന്നിൽ ഉണ്ടായിരുന്നെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. നിലവിലെ ഇപ്പോൾ തുറക്കുന്ന സമുച്ചയത്തിന്റെ നിർമാണ വികസന പ്രവർത്തനങ്ങളിൽ മന്ത്രി ശൈലജ നല്ലതാൽപര്യം കാണിച്ചതുപോലെ തന്നെ പറയേണ്ടതാണ് ആലപ്പുഴ ടൗണിൽ ശ്വാസം മുട്ടിക്കിടന്ന ആലപ്പുഴ മെഡിക്കൽ കോളജിനെ 2007ലാണ് വണ്ടാനത്തേക്ക് മാറ്റി സ്ഥാപിച്ചത്. അന്നത്തെ ആരോഗ്യമന്ത്രി ശ്രീമതിയും മുഖ്യമന്ത്രി വി.എസും മന്ത്രിയും എം.എൽ.എയുമായ എന്നോടൊപ്പം ഈ ഉദ്യമത്തിൽ പാറപോലെ ഉറച്ചുനിന്നു, എന്ന ചരിത്രസത്യം ഇവിടെ രേഖപ്പെടുത്താതെ വയ്യ. അതിന് മുമ്പ് എത്രയോ സമരങ്ങൾ മെഡിക്കൽ കോളജ് വണ്ടാനത്തേക്ക് മാറ്റാനായി നടന്നുവെന്നതും ഓർത്തുപോകുന്നു. പാർട്ടി ഭാരവാഹി എന്ന നിലയിൽ അതിലെല്ലാം ഞാനുമുണ്ടായിരുന്നു. ജനോപകാരമായ സമൂഹത്തിനു വേണ്ടിയുള്ള വികസനങ്ങളിൽ ഭാഗമാകാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്. ചരിത്രനിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണ്. അതുകൊണ്ട് ചരിത്രം ഇല്ലാതാകില്ല. അത് തുടർച്ചയാണ്, പുരോഗമനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.