ആലപ്പുഴ: ആലപ്പുഴ പട്ടണത്തിലൂടെ കടന്നുപോകുന്ന എറണാകുളം -ആലപ്പുഴ - കായംകുളം തീരദേശ റെയിൽപാത എത്രയും വേഗം പൂര്‍ണ പ്രയോജനത്തിലാക്കാനുള്ള നടപടികൾക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മുഖ്യപരിഗണന നൽകണമെന്ന് ആവശ്യം.
ഏറെ വര്‍ഷങ്ങളെടുത്തും കോടിക്കണക്കിനു രൂപ മുടക്കിയും അനേകം പേരെ കുടിയൊഴിപ്പിച്ചും എന്നാല്‍, കുറച്ചു യാത്രക്കാര്‍ക്കു മാത്രം ഭാവിയില്‍ ഉപകാരപ്പെടുന്നതുമായ സില്‍വര്‍ ലൈന്‍ വേഗറെയില്‍പാത കേരളത്തിനു നടുവിലൂടെ തെക്കുവടക്കായി നടപ്പാക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ് ഇൗ ആവശ്യവുമായി കുട്ടനാട് എറണാകുളം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് (കെര്‍പ) രംഗത്തെത്തിയത്. മധ്യകേരളത്തിലെ ജില്ലകളിലുള്ള സ്ഥിരം സീസണ് ടിക്കറ്റ് യാത്രക്കാര്‍ അടക്കമുള്ളവര്‍ക്കു ഒത്തിരി പ്രയോജനപ്പെടുന്ന തീരദേശ റെയിൽപാതയോടുള്ള അനങ്ങാപ്പാറ നയം അവസാനിപ്പിക്കണം.
തീരദേശ ലൈന്‍ ഗതാഗതത്തിനു തുറന്ന് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇരട്ട ലൈന്‍ പൂര്‍ത്തിയാകാത്തത് ഭരണം നടത്തിയ സര്‍ക്കാറുകളുടെ അവഗണനയാണെന്ന് കെര്‍പ പ്രസിഡൻറ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി.
വികസന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നാട്ടില്‍ പതിവുള്ള കാലതാമസം ഉണ്ടാകുമെന്നു ഉറപ്പുള്ളതിനാല്‍ ഇരട്ടപ്പാത നിര്‍മാണത്തോടൊപ്പം സ്റ്റേഷനുകള്‍ മുന്‍കൂറായി ട്രെയിന്‍ ക്രോസിങ്ങിന് സജ്ജമാക്കണമെന്നു പാത ഉദ്ഘാടന വേളയില്‍ തന്നെ കെര്‍പ ആവശ്യപ്പെട്ടതാണ്. ഇതുണ്ടായിരുന്നെങ്കില്‍ ഇരട്ടപ്പാതയുടെ പ്രയോജനം ഏറക്കുറെ ലഭ്യമായേനെ. ഒരു വര്‍ഷത്തില്‍ ഒരു സ്റ്റേഷന് എങ്കിലും ഇത്തരത്തില്‍ വികസിപ്പിച്ചിരുന്നെങ്കില്‍ ഇതിനകം എല്ലാ സ്റ്റേഷനുകളിലും ക്രോസിങ് സാധ്യമാകുകയും അതുവഴി അനന്തമായി ട്രെയിനുകള്‍ വൈകുന്നത് ഒഴിവാക്കുകയും ചെയ്യാമായിരുന്നു. ഇനിയെങ്കിലും അതിനുള്ള ശ്രമം വേണം. ഇരട്ടപ്പാത പൂര്‍ത്തിയാക്കും വരെ അതിനു കാത്തിരിക്കരുതെന്ന് കെർപ അഭ്യർഥിച്ചു.
ഇരട്ടപ്പാത പൂര്‍ണമാകുമ്പോള്‍ ഇതുവഴി 120 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കാനാകും. അതിനുള്ള ട്രാക്കും ബോഗികളും ഇപ്പോള്‍തന്നെ ലഭ്യമാണ്. നിലവില്‍ ശരാശരി 30 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമാണ് ട്രെയിനുകള്‍ ഓടിക്കുന്നത്. റൂട്ട് ക്ലിയര്‍ ആയാല്‍ എറണാകുളത്തുനിന്ന് 100 കിലോമീറ്റര്‍ അകലമുള്ള കായംകുളത്തേക്കു ഒരു മണിക്കൂര്‍കൊണ്ട് എത്താനാകും. എന്നാല്‍, 57 കിലോമീറ്റര്‍ മാറിയുള്ള ആലപ്പുഴയില്‍ ഇപ്പോള്‍ എത്താന്‍ തന്നെ ഏറ്റവും കുറഞ്ഞത് ഒന്നര മണിക്കൂറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.