ആലപ്പുഴ: കയർമേഖലയിൽ കഞ്ഞിക്കുഴിയുടെ പ്രതാപം വീണ്ടെടുക്കാൻ 'കയർഗ്രാമം' പദ്ധതിയുമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്. അഞ്ചുവർഷത്തേക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്. നാളികേര ഉൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന് ഗുണമേന്മയുള്ള തെങ്ങിൻതൈകൾ െവച്ചുപിടിപ്പിക്കും. പഞ്ചായത്തിലെ 18 വാർഡിലെ 8500 കുടുംബങ്ങൾക്ക് കുറിയ ഇനം തെങ്ങിൻതൈ നൽകും. രോഗം വന്ന തെങ്ങിൻതൈ വെട്ടിമാറ്റും. സർക്കാർ പദ്ധതിയായ 'കേരഗ്രാമം' പദ്ധതിയുമായി കൈകോർത്താകും നടപ്പാക്കുക.
മന്ത്രി പി. പ്രസാദിെൻറ പ്രത്യേക നിർദേശപ്രകാരമാണ് കഞ്ഞിക്കുഴി പഞ്ചായത്ത് കയർഗ്രാമം പദ്ധതി നടപ്പാക്കുന്നത്. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആർ. നാസർ കയർ കോർപറേഷൻ ചെയർമാനായിരുന്ന സമയത്താണ് കയർഗ്രാമം ആശയം മുന്നോട്ടുെവച്ചത്. നാളികേര ഉൽപാദനം വർധിപ്പിച്ച് മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കി വരുമാനമാർഗം സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും.
അയ്യപ്പഞ്ചേരിയിൽ പ്രവർത്തിക്കുന്ന 'നാളികേര ക്ലസ്റ്റർ' വഴിയാണിതിെൻറ ഏകോപനം. വെളിച്ചെണ്ണ, തേങ്ങാപ്പാൽ, ചകിരി തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനുപുറെമ തൊണ്ട് സംഭരിക്കുകയും ചെയ്യും. തൊണ്ടിൽനിന്ന് ലഭിക്കുന്ന ചകിരി കയർ തൊഴിലാളികൾക്ക് നൽകും. എല്ലാ വാർഡിലും വനിതകളുടെ കയർപിരി യൂനിറ്റുകളും ആരംഭിക്കും. ഇതിനകം പതിനാലോളം വാർഡിൽ കയർ പിരി ഷെഡുകൾ നിർമിച്ചിട്ടുണ്ട്. കയർപിരി യൂനിറ്റുകൾ പിരിക്കുന്ന കയർ ചെറുകിട കയർ ഫാക്ടറികൾ, തടുക്ക് കമ്പനികൾ എന്നിവർ സംഭരിക്കും.
എല്ലാവർക്കും സാമ്പത്തികഭദ്രത ഉറപ്പാക്കാൻ പദ്ധതിയിലൂടെ കഴിയുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത കാർത്തികേയൻ, വൈസ് പ്രസിഡൻറ് അഡ്വ. എം. സന്തോഷ് കുമാർ എന്നിവർ പറഞ്ഞു. തെങ്ങിെൻറ കീടരോഗബാധ കണ്ടറിഞ്ഞ് ചികിത്സിക്കാൻ തെങ്ങുകൃഷി സേവന കേന്ദ്രവും ആരംഭിക്കും. വിദഗ്ധരെ ഉൾപ്പെടുത്തിയാകും പ്രവർത്തനം. കയർഗ്രാമം പദ്ധതി നടപ്പാക്കുന്നതോടെ പ്രദേശവാസികളെ കയർ മേഖലയിലേക്ക് കൊണ്ടുവന്ന് പ്രതാപം വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.