കലക്ടർ ഇടപെട്ടു; കോവിഡില്‍ പിതാവിനെ നഷ്ടപ്പെട്ട ഒരാൾക്കുകൂടി പഠനസഹായമെത്തി

ആലപ്പുഴ: കോവിഡ് മഹാമാരിയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ജില്ലയിലെ കുട്ടികൾക്ക് പഠനസഹായമെത്തിക്കുന്ന പദ്ധതിയിൽ ഒരാൾക്കു കൂടി കൈത്താങ്ങ്. കണ്ടശ്ശാംകടവ് സ്വദേശിനിയായ മൂന്നാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർഥിനിക്കാണ് സഹായം ലഭിച്ചത്.

കോവിഡിനെ തുടർന്ന് പിതാവിനെ നഷ്ടപ്പെട്ട വിദ്യാർഥിനി ഏറെ പ്രയാസപ്പെട്ടാണ് പഠനം തുടർന്നത്. ഒന്നാം വർഷ വിദ്യാർഥിയായിരിക്കെയാണ് പിതാവ് മരിക്കുന്നത്. പല വീടുകളിലായി വീട്ടു ജോലികൾ ചെയ്ത് മാതാവ് മകളെ പഠിപ്പിക്കുകയായിരുന്നു. ഇതിനിടെ ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജ ഇടപെട്ട് വിദ്യാർഥികൾക്ക് പഠനസഹായമെത്തിക്കുന്ന വാർത്തയറിഞ്ഞ് പദ്ധതിയിലേക്ക് അപേക്ഷിക്കുകയായിരുന്നു.

ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ നിറഞ്ഞ മനസ്സോടെ മുന്നോട്ടുവന്നതോടെ പ്രശ്നപരിഹരമായി. കോഴ്സ് ഫീ പൂർണമായും നൽകുന്നതിനൊപ്പം മറ്റു ചെലവുകൾക്കുള്ള തുകയും സംഘടന നൽകി. ജില്ല കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കൃഷ്ണതേജ വിദ്യാർഥിനിക്ക് ചെക്ക് കൈമാറി. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുള്ള ഒരു മിടുക്കിയായി വളരട്ടെ എന്ന് കലക്ടർ ആശംസിച്ചു.

ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എ.എൻ. മോഹൻ, സംസ്ഥാന ട്രഷറർ വി. അൻവർ, ജില്ല പ്രസിഡന്‍റ് സുരേഷ് വാരിയർ, ജില്ല സെക്രട്ടറി എ.ബി. രാജേഷ്, ജില്ല ട്രഷറർ ഗ്രിഗറി ഫ്രാൻസിസ്, ജോയിന്‍റ് സെക്രട്ടറി വർഗീസ് കോടങ്കണ്ടത്ത് എന്നിവർ പങ്കെടുത്തു.

ജില്ലയിൽ കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട 609 കുട്ടികള്‍ക്കാണ് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ പഠന ചെലവുകളും സ്‌കോളര്‍ഷിപ്പും കണ്ടെത്തി നല്‍കുന്നത്. ഇവരില്‍നിന്ന് മുന്‍ഗണനാക്രമം നിശ്ചയിച്ചാകും സഹായം ലഭ്യമാക്കുക. കുട്ടികള്‍ക്ക് പഠന സഹായവും സ്‌കോളര്‍ഷിപ്പും വാഗ്ദാനം ചെയ്ത് പല കോണുകളില്‍നിന്നു ആളുകള്‍ മുന്നോട്ടുവരുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സഹായം ലഭ്യമാക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

Tags:    
News Summary - Collector intervened; Student who lost his father in covid got study help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.