മാന്നാർ: മൈക്രോ സംരംഭത്തിലൂടെ പണം വാഗ്ദാനം നൽകി വീട്ടമ്മമാരിൽനിന്ന് പണം തട്ടിയതായി പരാതി. ഇലഞ്ഞിമേൽ, മാന്നാർ, പാവുക്കര, ചെന്നിത്തല, ആലാ പെണ്ണുക്കര, എന്നിവിടങ്ങളിലാണ്തട്ടിപ്പ് നടന്നത്. പെരുമ്പാവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാതാ ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ്.
ആൻഡ്രൂസ്, ജോൺസൺ എന്നിവരുടെ പേരും ഫോൺ നമ്പറും അടങ്ങിയ കാർഡ് വാട്സ്ആപ്പിലൂടെ വീട്ടമ്മമാർക്ക് നൽകി വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. 10 വനിതകൾ അടങ്ങുന്ന ഗ്രൂപ്പിനാണ് പണം നൽകുന്നത്. ഒരംഗത്തിന് 50,000 രൂപ വരെ കിട്ടുമെന്ന് പറഞ്ഞ് കൂടുതൽ അംഗങ്ങളെ ഇതിൽ പങ്കാളികളാക്കാനുള്ള ഇടപെടലും ഫോണിലൂടെ ഇക്കൂട്ടർ നടത്തും. അംഗങ്ങൾ മാസം 1900 രൂപ അടയ്ക്കണം.
പണം ലഭിക്കാൻ ആദ്യ പടിയായി ഗ്രൂപ് ലീഡർ അംഗങ്ങളുടെ ആധാർ വാട്സ്ആപ്പിലൂടെ ഇവർക്ക് അയ്ക്കണം. അയച്ച് പത്ത് മിനിട്ട് കഴിയുമ്പോൾ ലോൺ പാസായെന്ന സന്ദേശം ഗ്രൂപ്പ് ലീഡർക്ക് ലഭിക്കും. പിന്നീട് കനറാ ബാങ്കിൽ വിഘ്നേശ്വരൻ എന്നയാളുടെ പേരിൽ 2415101006157 എന്ന അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്ന സന്ദേശവും നൽകും.
ഇപ്രകാരം ഓരോ അംഗവും 750 രൂപ മുതൽ 1000 രൂപ വരെ അയച്ചു. പണം അക്കൗണ്ടിൽ എത്തി എന്ന അറിയിപ്പ് കിട്ടിയ സംഘം വൈകീട്ട് നാലിന് വീട്ടിൽ പണവുമായി എത്തുമെന്നും അംഗങ്ങൾ മൂന്ന് ഫോട്ടോ, ആധാർ, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകളുമായി എത്തണമെന്നും ഗ്രൂപ്പ് ലീഡറെ അറിയിക്കും.
ഇങ്ങനെ ബാങ്കിൽ പണമടച്ച് കാത്തിരിക്കുന്ന വീട്ടമ്മമാർ രാത്രിയായിട്ടും അധികൃതർ എത്താത്തതിനെ തുടർന്ന് ഫോൺ ചെയ്തപ്പോൾ സ്വിച്ച് ഓഫായിരുന്നു. കബളിപ്പിക്കപ്പെട്ട വീട്ടമ്മമാർ മാന്നാർ പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.