ആലപ്പുഴ: ജില്ലയില്‍ ചെങ്കണ്ണ് രോഗം പടരുന്നതിനാൽ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ് അറിയിച്ചു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാം. ചെങ്കണ്ണ് രോഗബാധ ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. രോഗം ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്.
കണ്ണ് ചുവക്കുക, അമിതമായി കണ്ണുനീര് വരിക, കണ്പോളകളില് വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്ക്കുമ്പോള് പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം, പീളയടിയല്, കോണ്ടാക്ട് ലെന്‍സ് വെക്കുമ്പോള്‍ അസ്വസ്ഥത എന്നിവയാണ് ലക്ഷണം. ചെങ്കണ്ണ് രോഗബാധ സാധാരണ അഞ്ച് മുതല്‍ ഏഴ് ദിവസംവരെ നീണ്ടുനില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 14 ദിവസം വരെയും നീളാം.
ചെങ്കണ്ണ് ബാധിച്ച കുട്ടികളെ സ്കൂളില്‍ വിടരുത്. കുട്ടികളുള്‍പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കണം. വ്യക്തിശുചിത്വം ഉറപ്പാക്കണം. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന സാധനത്തിലും രോഗാണു പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗം ബാധിച്ച വ്യക്തികളില്‍നിന്ന് അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പര്‍, പുസ്തകം, തൂവാല, സോപ്പ്, ടവ്വല്‍ മുതലയാവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. കൈകള്‍ കൊണ്ട് കണ്ണില്‍ സ്പര്‍ശിക്കാതിരുന്നാല്‍ രോഗം പകരുന്നത് തടയാം. ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകണം.
കൈ വൃത്തിയായി കഴുകാതെ കണ്ണിലും മൂക്കിലും വായിലും തൊടരുത്. വീട്ടില്‍ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലി ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താല് വേഗത്തില്‍ ഭേദമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.