ചാരുംമൂട്: താമരക്കുളം ചത്തിയറ പാലം നിർമാണം നീളുന്നു. മന്ത്രി മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം ചെയ്ത പാലമാണ് മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങാതെ കിടക്കുന്നത്. പാലത്തിന് സമാന്തരമായി പണിയുന്ന താൽക്കാലിക പാലത്തിന്റെയും അപ്രോച് റോഡിന്റെയും പണിയും മുടങ്ങി. പാലം പൊളിക്കുമ്പാൾ ഇരുചക്രവാഹനങ്ങൾക്കു സഞ്ചരിക്കാനായി നാല് മാസം മുമ്പാണ് താൽക്കാലിക പാലത്തിന്റെ പണി തുടങ്ങിയത്.
4,30,94,000 രൂപയാണ് ചത്തിയറ പാലം നിർമാണത്തിന് അനുവദിച്ചിട്ടുള്ളത്. വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കാനുള്ള കാലതാമസമാണ് തടസ്സമാകുന്നതെന്ന് പറയുന്നു. ജല അതോറിറ്റി പൈപ്പുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കാനായി 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് കെ.എസ്.ഇ.ബി നല്കിയത്. എന്നാൽ, തുക കൂടുതലാണെന്ന കാരണത്താൽ പാലം കരാറുകാരൻ അടച്ചില്ല. ഒമ്പതു ലക്ഷം രൂപയുടെ പുതിയ എസ്റ്റിമേറ്റെടുത്ത് അനുമതിക്കായി അയച്ചിരിക്കുകയാണ്.
താമരക്കുളം-വെറ്റമുക്ക് റോഡിലെ 75 വർഷം പഴക്കമുള്ള ചത്തിയറ പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. ചത്തിയറ പുഞ്ചയിലെ നെടുംതോടിനു കുറുകെയാണ് പാലം. കൈവരികളും സംരക്ഷണഭിത്തിയും തകർന്നു. അടിവശത്തെ കോൺക്രീറ്റ് പാളികൾ ഇളകി. പാലം താങ്ങിനിർത്തുന്ന ഇരുഭാഗത്തുമുള്ള പാറക്കെട്ടുകളും ഇടിഞ്ഞുതുടങ്ങി. പാലത്തിന്റെ വീതിക്കുറവ് കാരണം അപകടങ്ങളും ഗതാഗതക്കുരുക്കും ഇവിടെ പതിവാണ്.
കിഫ്ബി പദ്ധതിയിൽ 62 കോടി മുടക്കിയാണ് താമരക്കുളം-വെറ്റമുക്ക് റോഡ് നവീകരിച്ചത്. പാലത്തിന് ഇരുവശത്തും റോഡിനു വീതികൂട്ടിയതോടെ ചത്തിയറ പാലം കുപ്പിക്കഴുത്തുപോലെയായി. ഇതുമൂലം രാത്രിയിലെത്തുന്ന ഇരുചക്രവാഹന യാത്രക്കാരടക്കം അപകടത്തിൽപെടുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.