ആലപ്പുഴ: മറുകിവന്ന സി.പി.എം - സി.പി.ഐ പോരിൽനിന്ന് സി.പി.ഐ ഒരുചുവട് പിന്നാക്കം പോകുന്നു. ചില പ്രദേശങ്ങളിൽ നിന്നും കുറെ പേർ സി.പി.ഐയിൽ ചേരുന്നുവെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന പ്രസ്താവനയുമായി വെള്ളിയാഴ്ച സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് രംഗത്തെത്തി. കുട്ടനാട്ടിൽ സി.പി.എം വിട്ടവരെ കൂട്ടത്തോടെ സി.പി.ഐ സ്വീകരിച്ചതിനെ ചൊല്ലി ഇരു പാർട്ടി ജില്ല സെക്രട്ടറിമാരും തമ്മിൽ വാക്പോരും കുട്ടനാട്ടിൽ പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥയും നില നിൽക്കുന്നതിനിടെയാണ് ആഞ്ചലോസ് സി.പി.ഐ ഒരുചുവട് പിന്നാക്കം പോകുന്നതിന്റെ സൂചനയെന്നോണം മാധ്യമങ്ങളെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. കുട്ടനാട്ടിൽ സി.പി.എമ്മിൽ ഒന്നും സഭവിച്ചിട്ടില്ല എന്ന് ആദ്യം നിലപാടെടുത്ത സി.പി.എം ജില്ല നേതൃത്വം ഒടുവിൽ മേഖല ജാഥകളും സി.പി.ഐക്കെതിരെ പരസ്യ വെല്ലുവിളികളും ഉയർത്തിയിരുന്നു.
പിന്നാലെ പാർട്ടിവിട്ടവരെയും സി.പി.ഐ പ്രാദേശിക നേതാക്കളെയും ശാരീരികമായി ആക്രമിക്കുമെന്ന ഭീഷണികളും ഉയർത്തി സി.പി.എം കർക്കശ നിലപാടുകളിലേക്ക് നീങ്ങിയിരുന്നു. ജില്ലയിൽ പലയിടങ്ങളിൽ നിന്നായി കൂടുതൽ പേർ സി.പി.എം വിടുമെന്ന് കുട്ടനാട്ടിലെ വിമതർ പറയുകയും അതിനുള്ള അടിയൊഴുക്കുകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും അവർ തുടങ്ങിയിരുന്നു. അതിനിടെ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സി.പി.എം വിമതരെ കൂട്ടത്തോടെ സി.പി.ഐയിലേക്ക് സ്വീകരിക്കുമെന്ന തരത്തിലുള്ള മാധ്യമ വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറയുന്നു.
കുട്ടനാട്ടിൽ സി.പി.എം മെംബർഷിപ്പിന്റെ സൂക്ഷ്മ പരിശോധന നടന്നപ്പോൾ പരിഗണിക്കാതിരുന്ന കുറെ സി.പി.എം അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ അപേക്ഷകളാണ് സി.പി.ഐ പ്രാദേശിക ഘടകങ്ങൾ പരിശോധിച്ച് മെംബർഷിപ്പിന് ശിപാർശ ചെയ്യുകയും ഉപരി ഘടകങ്ങൾ അംഗീകരിക്കുകയും ചെയ്തത്. അതിനെ സംബന്ധിച്ച ചില സി.പി.എം നേതാക്കളുടെ ആക്ഷേപത്തിനാണ് രാഷ്ട്രീയമായി സി.പി.ഐ മറുപടി നൽകിയതെന്നും അദ്ദേഹം പറയുന്നു. കായംകുളം, ആലപ്പുഴ, കഞ്ഞിക്കുഴി, ഹരിപ്പാട് തുടങ്ങിയ പ്രദേശങ്ങളിലെ പ്രശ്നങ്ങൾ കുട്ടനാട്ടിൽനിന്നും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐയെ ഈർക്കിലി പാർട്ടിയെന്ന് സി.പി.എം നേതാവ് വിശേഷിപ്പിച്ചിരുന്നു.
പൊട്ടക്കുളത്തിലെ തവളകളാണ് സി.പി.ഐയെ ഇൗർക്കിലി പാർട്ടിയായി കാണുന്നതെന്ന മറുപടി വ്യാഴാഴ്ച ആഞ്ചലോസ് നൽകിയിരുന്നു. ജില്ലയിലാകമാനം ഇരു പാർട്ടികളും തമ്മിലുള്ള തുറന്നപോരിന് കളമൊരുങ്ങിയതിനു പിന്നാലെയാണ് രംഗം തണുപ്പിക്കുംവിധം ജില്ലയിൽ കൂടുതൽ പേർ സി.പി.എം വിട്ട് സി.പി.ഐയിലേക്ക് എത്തുന്നില്ലെന്ന് സൂചിപ്പിക്കും വിധം പ്രസ്താവന നടത്തിയത്. തകഴി ഏര്യാകമ്മിറ്റിയുടെ പരിധിയിൽനിന്ന് കൂടുതൽ പേർ സി.പി.എം വിടാൻ ഒരുങ്ങുന്നതിന്റെ സൂചനകളുണ്ടായിരുന്നു. കായംകുളം, ആലപ്പുഴ, കഞ്ഞിക്കുഴി, ഹരിപ്പാട് തുടങ്ങിയ പ്രദേശങ്ങളിലും അത്തരം സൂചനകളുണ്ട്. ഈ പ്രദേശങ്ങളിലെ പ്രശ്നങ്ങൾ കുട്ടനാട്ടിൽനിന്നും വ്യത്യസ്തമാണെന്ന് ആഞ്ചലോസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.