ആലപ്പുഴ: തെറ്റായ സമീപനം പുലർത്തുന്നവരെയും ക്രിമിനൽ സ്വഭാവമുള്ളവരെയും യുവജന സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പ്രവണത ജില്ലയിൽ വർധിച്ചതായി സി.പി.എം വിലയിരുത്തൽ. ജില്ല സമ്മേളനത്തിൽ അവതരിച്ചിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ഈ വിമർശനം.
ഏരിയ കമ്മിറ്റികളിൽ ഉൾപ്പെടെ വിഭാഗീയത ശക്തമെന്നും ക്രിമിനൽ ബന്ധവും തെറ്റായ സമീപനവും സ്വീകരിക്കുന്നവരെ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പ്രവണതയുണ്ടെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് അച്ചടക്കം പാലിക്കാൻ പലപ്രവർത്തകർക്കും കഴിയുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു. ബോധപൂർവം പാർട്ടി അച്ചടക്കം ലംഘിക്കാൻ തയാറാകുന്ന പ്രവർത്തകരുമുണ്ട്. ഡി.വൈ.എഫ്.ഐയിൽ ചിലർ ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും പ്രവർത്തന റിപ്പോർട്ടിലുണ്ട്. കായംകുളം ഏരിയ കമ്മിറ്റിയെ കുറിച്ച റിപ്പോർട്ടിലാണ് ഈ പരാമർശം.
പത്തിയൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരിൽ ചിലർ ക്രിമിനൽ സംഘങ്ങളുമായി ചേർന്നുനിന്ന് പ്രവർത്തിക്കുന്നു. ഇത്തരം പ്രവർത്തനം ശക്തമായി ഇടപെട്ട് തിരുത്തേണ്ടതുണ്ട്. കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റിയിൽ തെറ്റായ പ്രവണതകൾ വെച്ചുപുലർത്തുന്നവർ യുവജന രംഗത്ത് പ്രവർത്തിക്കുന്നു. ഇത്തരക്കാരെ തിരുത്താനാകണം. പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയിൽ ചെറുപ്പക്കാർക്കിടയിൽ വളർന്നുവരുന്ന തെറ്റായ പ്രവണതകൾ അവസാനിപ്പിക്കണം. ക്വട്ടേഷൻ മാഫിയ സംഘങ്ങൾക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. തെറ്റായ പ്രവണതക്കാരെ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന സ്ഥിതി ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ദൃശ്യമായി. ജില്ലയിൽ പൊതുവെ വർഗ ബഹുജന സംഘടനകളുടെ പ്രവർത്തനം കാര്യക്ഷമല്ലെന്നും വിലയിരുത്തുന്നു റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.