ആലപ്പുഴ: ആലപ്പുഴ നഗരസഭയിലും സമീപപ്രദേശങ്ങളിലും അതിസാരവും ഛർദിയും പിടിപെട്ട രോഗികളുടെ എണ്ണം 800 കടന്നു. ആശങ്കയിൽ ആരോഗ്യവകുപ്പ്. സർക്കാർ ആശുപത്രി, പി.എച്ച്.സി എന്നിവിടങ്ങളിൽ ചികിത്സ തേടിയവരുടെ കണക്കാണിത്. നാലുദിവസമായി രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും സാമ്പിൾ പരിശോധനയിൽ യഥാർഥ ഉറവിടം കെണ്ടത്താൻ കഴിയാത്തതാണ് പ്രധാനപ്രശ്നം. വെള്ളിയാഴ്ച മുനിസിപ്പൽ പ്രദേശത്തുനിന്നും 27പേരാണ് ചികിത്സതേടിയത്. വനിത ശിശു ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
തുടക്കത്തിൽ എടുത്ത സാമ്പിൾ പരിശോധനഫലത്തിലാണ് അമിത അളവിൽ കോളിഫോം ബാക്ടീരിയയുെട സാന്നിധ്യം കണ്ടെത്തിയത്. ഇതിെൻറ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യവിഭാഗം, ഭക്ഷ്യസുരക്ഷ അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളിൽനിന്നും സ്വകാര്യ ആർ.ഒ പ്ലാൻറുകളിൽനിന്നും രോഗംബാധിച്ച പ്രദേശങ്ങളിൽനിന്നും ജലം ശേഖരിച്ച് പരിശോധനക്ക് അയച്ചു. എന്നാൽ, ഇതിൽ കോളിഫോം ബാക്ടീരിയുടെ സാന്നിധ്യം വേണ്ടത്ര കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. അതേസമയം, മൺസൂൺ കാലത്ത് കോളിഫോം ബാക്ടീരിയ സാധാരണയായി ഉണ്ടാകാറുണ്ടെന്നാണ് വിലയിരുത്തൽ. തുടക്കത്തിൽ 100 മുതൽ 171 വരെ രോഗികളാണ് ആശുപത്രിയിൽ ചികിത്സതേടിയത്. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ 71, 44, 34 എന്നിങ്ങനെ കുറഞ്ഞിട്ടുണ്ട്.
നഗസഭ ആരോഗ്യവിഭാഗത്തിെൻറ നേതൃത്വത്തിൽ സ്വകാര്യ ആർ. ഒ പ്ലാൻറുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി.
ഗുരുമന്ദിരം, സിവ്യൂ, സിവിൽസ്റ്റേഷൻ, കൈതവന, ഇരുവകാട് എന്നീ വാർഡുകളിലെ ആർ.ഒ പ്ലാൻറുകളിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ രണ്ട് സ്വകാര്യ ആർ.ഒ പ്ലാൻറുകൾ പൂട്ടിയിരുന്നു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. അനിൽകുമാർ, സി. ജയകുമാർ, എസ്. ഹർഷിദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.