ആലപ്പുഴ: ചില്ലറയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യാത്രക്കാരൻ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ചു. യാത്രക്കാരൻ പള്ളാത്തുരുത്തി സ്വദേശി മുബിനെതിരെ പൊലീസ് കേസെടുത്തു. എടത്വാ ഡിപ്പോയിലെ കണ്ടക്ടർ സജികുമാറിനാണ് മർദനമേറ്റത്.
വ്യാഴാഴ്ച രാവിലെ 9.10ന് ആലപ്പുഴ വലിയചുടുകാടിന് സമീപം ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്ന് കയറിയപ്പോൾ ഫോണിലായിരുന്ന യാത്രക്കാരൻ ജനറൽ ആശുപത്രി ജങ്ഷനെത്തിയപ്പോൾ അടുത്ത സ്റ്റോപ്പിൽ ഇറക്കണമെന്ന് പറഞ്ഞു. ടിക്കറ്റ് എടുക്കാൻ 500 രൂപയാണ് നൽകിയത്.
കണ്ടക്ടർ ചില്ലറ നൽകാൻ ആവശ്യപ്പെട്ടതോടെ തർക്കമായി. ഇതിനിടെ യാത്രക്കാരൻ 500 രൂപ തിരികെ വാങ്ങുകയും സ്റ്റോപ്പിൽ ഇറങ്ങുന്നതിന് മുമ്പ് കണ്ടക്ടറുടെ കൈയിലിരുന്ന ടിക്കറ്റ് മെഷീൻ, പണമടങ്ങിയ ബാഗ് എന്നിവ തട്ടിത്തെറിപ്പിക്കുകയുമായിരുന്നു. മെഷീൻ താഴെ വീണ് കേടുപാടുപറ്റി. പണം പലയിടത്തായി ചിതറി വീണതോടെ അയാളെ തടഞ്ഞുനിർത്താൻ ശ്രമിച്ച കണ്ടക്ടറെ സീറ്റിലേക്ക് തള്ളിയിട്ട് മർദ്ദിക്കുകയായിരുന്നു.
കണ്ടക്ടറുടെ ഇടതുകൈ കടിച്ചുമുറിച്ച് മുഖത്തും ദേഹത്തും തലക്കും മർദിച്ചശേഷം ഇറങ്ങിയോടാൻ ശ്രമിച്ചു. മറ്റ് യാത്രക്കാരുടെ സഹായത്തോടെ പിടികൂടി ഇയാളെപുന്നപ്ര സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് സൗത്ത് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കണ്ടക്ടർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.