ആലപ്പുഴ: അരിക്കും പലവ്യഞ്ജനങ്ങൾക്കും പിന്നാലെ പച്ചക്കറി, പഴം, മത്സ്യം, മാംസം എന്നിവയുടെ വില വർധനയും തുടരുന്നു. ഇത് കുടുംബ ബജറ്റുകൾ താളംതെറ്റിക്കുന്നു. ചൂട് അടുത്തതോടെ ഏപ്രിൽ അവസാനവാരം മുതൽ തുടങ്ങിയ വില വർധന മഴയെത്തിയിട്ടും താഴുന്നില്ല. പച്ചക്കറി മിക്ക ഇനങ്ങൾക്കും ഇപ്പോഴും പ്രതിദിനം വർധനയാണ് ഉണ്ടാകുന്നതെന്ന് വ്യാപാരികൾ പറയുന്നു. ആലപ്പുഴയിൽ കിലോക്ക് 30-40 രൂപ ചില്ലറ വിൽപന വിലയുണ്ടായിരുന്ന പയറിന് 80 രൂപയായി. 18 രൂപയായിരുന്ന മത്തന്‍ 30 രൂപയായി.
20 രൂപയിൽനിന്ന് പടവലത്തിന് 50 രൂപയായി ഉയർന്നു. അടുത്തസമയത്ത് കാര്യമായി വില ഉയരാത്തത് ഇഞ്ചിക്ക് മാത്രമാണ്. ഇഞ്ചി കിലോക്ക് കുറച്ച് നാളുകളായി 220 രൂപയിൽ നിൽക്കുകയാണ്. സവാളക്ക് 38 രൂപയായി. ചെറിയ ഉള്ളി മികച്ച ഗുണനിലവാരമുള്ളതിന് വില 80 രൂപയാണ്. കുറഞ്ഞ ഇനം 50 രൂപക്കും ലഭിക്കും. വെളുത്തുള്ളി വില റെക്കോഡ് ഉയരത്തിലാണ് 260. ബീൻസിന് വില 160 രൂപയാണ്. പച്ചമുളകിനും 160 രൂപയാണ്. ഇത്ര വിലകൊടുത്താലും ബീൻസ് കിട്ടാനുമില്ലെന്ന് വ്യാപാരികൾ പറയുന്നു. പാവക്കക്ക് കഴിഞ്ഞ ആഴ്ചയിലെതിനെക്കാൾ വിലകുറഞ്ഞു.
10 രൂപ കുറഞ്ഞ് 80 രൂപയായി. ഏപ്രിൽ ആദ്യവാരം 50-60 രൂപയായിരുന്നു പാവക്കയുടെ വില. മറ്റ് അവശ്യവസ്തുക്കളായ എല്ലാ ഇനത്തിനും കിലോക്ക് 50ന് മുകളിലാണ് വില. കാരറ്റ് -80, കത്തിരിക്ക -60, വഴുതനങ്ങ -60, മുരിങ്ങക്ക -75, ചേമ്പ് -90, കാബേജ് -65, ക്യാപ്സിക്കം -110, ക്വാളിഫ്ലവർ -130, ചീവകിഴങ്ങ് -95, കോവക്ക -60 എന്നിങ്ങനെയാണ് വില. മല്ലിയിലയുടെ വില അഞ്ചിരട്ടിയോളമായി. കിലോക്ക് 60ൽനിന്ന് 280 രൂപയായി. ബീറ്റ്റൂട്ടിന് ഒരുമാസത്തിനുള്ളിൽ 50ൽനിന്ന് 80ലെത്തി.
ഈസ്റ്റർ മുതൽ ഇറച്ചിക്കു വില ഉയരുകയാണ്. പെരുന്നാൾ ആയതോടെ ബീഫ് കിലോക്ക് 420നും മുകളിലായി വില. നേരത്തേ 400ൽ താഴെയായിരുന്നു വില. പക്ഷിപ്പനിയായിട്ടും ചിക്കന്റെ വിലയിൽ ഇടിവില്ല. ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കന്നുകാലികളെ കേരളത്തിലേക്കു കൊണ്ടുവരുന്നത്. കോഴികളെ തമിഴ്നാട്ടിൽനിന്നും. വരവു കുറഞ്ഞതും യാത്രച്ചെലവുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീനിനും വിലകൂടി. മത്തിക്ക് ഒരുമാസംകൊണ്ട് വില ഇരട്ടിയായി. കിലോക്ക് 400ന് മുകളിലാണ് മത്തിവില. മാന്തൾ, ചൂര, കൂന്തൽ തുടങ്ങിയവക്ക് 40-60 രൂപ കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.