ആലപ്പുഴ: കനത്തമഴ തുടരുന്നതിനാൽ ജില്ലയിൽ നാല് ദുരിതാശ്വാസക്യാമ്പുകൾ കൂടി തുറന്നു. ചെങ്ങന്നൂരിൽ മൂന്നും ചേർത്തലയിൽ ഒരുക്യാമ്പുമാണ് തുറന്നത്. 52 പേരെ മാറ്റിപ്പാർപ്പിച്ചു. ബുധനാഴ്ച ചെങ്ങന്നൂരിൽ ഒരു ക്യാമ്പ് തുറന്നിരുന്നു. ചെങ്ങന്നൂർ കിഴക്കേനട ഗവ.യു.പി.എസ്, തിരുവൻവണ്ടൂർ ഗവ.എൽ.പി.എസ്, പകൽ വീട് എന്നിവിടങ്ങളിലാണ് പുതിയക്യാമ്പ്. 12 കുടുംബങ്ങളിലായി 42 പേരാണ് ഇവിടെ കഴിയുന്നത്.
ചേർത്തലയിൽ പട്ടികജാതി സാംസ്കാരികനിലയത്തിൽ തുറന്ന ക്യാമ്പിൽ ആറ് കുടുംബത്തിലെ 10 പേർ താമസിക്കുന്നുണ്ട്. കനത്തകാറ്റിലും മഴയിലും മരംവീണ് രണ്ടെണ്ണം പൂർണമായും 56 വീടുകൾ ഭാഗികമായും തകർന്നു. അമ്പലപ്പുഴ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലാണ് ഏറെ നഷ്ടം.
കിഴക്കൻവെള്ളത്തിന്റെ വരവിൽ കുട്ടനാടും അപ്പർകുട്ടനാടും വെള്ളപ്പൊക്ക ഭീതിയിലാണ്. കുട്ടനാട്ടിലെ ഗ്രാമീണറോഡുകളിലും പാടശേഖരങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
ജില്ലയിലെ മഴക്കൊപ്പം സമീപ ജില്ലകളായ കോട്ടയത്തും പത്തനംതിട്ടയിലും ഉണ്ടായതോരാമഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. ആറാട്ടുപുഴ, ചേർത്തല, ഒറ്റമശ്ശേരി, തോട്ടപ്പള്ളി, പുറക്കാട് പ്രദേശങ്ങളിൽ കടലാക്രമണഭീതിയുണ്ട്. മഴയിൽ ദേശീയപാതയിൽ രൂപപ്പെട്ട കുഴിയും വെള്ളക്കെട്ടും യാത്രക്കാരെ വലക്കുന്നു.
അരൂർ-തുറവൂർ പാതയിലെ യാത്ര നടുവൊടിക്കുന്നതിനൊപ്പം ഏറെ സമയനഷ്ടവും വരുത്തുന്നതാണ്. അരൂർ മുതൽ കൃഷ്ണപുരം വരെ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ചേർത്തല: കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചേർത്തല സൗത്ത് പഞ്ചായത്ത് ആറാം വാർഡിൽ അംബേദ്ക്കർ സാംസ്ക്കാരിക നിലയത്തിലാണ് ആറ് കുടുംബങ്ങളിലെ 10 പേരെ മാറ്റിയത്. നിലവില്‍ താലൂക്കിലാകെ 2670 ഓളം വീടുകള്‍ ഗുരുതര വെള്ളക്കെട്ടിലാണ്.
ചേര്‍ത്തല തെക്ക് പഞ്ചായത്തിന്റെ തീരപ്രദേശങ്ങളില്‍ കനത്തമഴക്കൊപ്പം കടലേറ്റവും ശക്തമായതോടെ ജനജീവിതം വെല്ലുവിളിയിലായി. ഇവിടെ നൂറുകണക്കിനു വീടുകളാണ് വെള്ളക്കെട്ടിലായിരിക്കുന്നത്. കിഴക്കന്‍ വെള്ളം ഒഴുകിയെത്തിയതോടെ വേമ്പനാട്ടുകായലിലെയും കൈവഴികളിലെയും ജലനിരപ്പും ഉയര്‍ന്നു. ഇത് കായലോരങ്ങളിലെ വീടുകൾക്കും വലിയ വെല്ലുവിളിയാണ്.
കടക്കരപ്പള്ളി, പട്ടണക്കാട്, വയലാര്‍, തണ്ണീര്‍മുക്കം പഞ്ചായത്തുകളിലും ചേര്‍ത്തല നഗരസഭയിലും പലയിടങ്ങളിലും പുറത്തിറങ്ങാനാകാത്ത വിധം വെള്ളക്കെട്ടായിട്ടുണ്ട്. വീശിയടിക്കുന്ന കാറ്റും തുടര്‍ച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കവും പ്രശ്നമാകുന്നുണ്ട്.
നഗരസഭ 17ാം വാർഡിൽ മധുരവേലി വെളി സരസ്വതി, 26ാം വാർഡിൽ കൊടൂർ തിലകൻ, 27ാം വാർഡിൽ കൊച്ചുച്ചിറ തങ്കച്ചൻ, കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡിൽ തറയിൽ സുഭാഷ്, എട്ടാം വാർഡിൽ നമ്പികാട്ട് അജയ കുമാർ എന്നിവരുടെ വീടുകളാണ് മരം വീണ് തകർന്നത്. ചേർത്തല തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ പങ്ങാപ്പറമ്പിൽ ഓമന കരുണാകരന്റെ വീട് കാറ്റിലും മഴയിലും തകർന്നുവീണു.
നഗരസഭ 26ാംവാർഡിൽ വല്ലയിൽ സതീഷിന്റെ വീട് ദിവസങ്ങൾക്കുമുമ്പ് മരം വീണ് തകർന്നിരുന്നു.റ വന്യു അധികാരികൾ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വയലാർ - വടക്കേ അങ്ങാടിറോഡ് വെള്ളത്തിൽ മുങ്ങി. ചേർത്തല ശ്രീ നാരായണ മെമ്മോറിയൽ ഗവ. ബോയ്സ് ഹൈസ്കൂൾ, സമീപത്തെ വിദ്യാഭ്യാസ ഓഫിസുകൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. യു.പി വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ നിലംപൊത്തി.
ആലപ്പുഴ: ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കായംകുളത്ത്. ഇവിടെ മാത്രം 64.1 മി.മീറ്റർ മഴയാണ് കിട്ടിയത് ചേർത്തല-42.2, മാവേലിക്കര-25.4, ആലപ്പുഴ-39.2, മങ്കൊമ്പ്-42.7, കാർത്തികപ്പള്ളി-29 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ കിട്ടിയ മഴക്കണക്ക്.
വള്ളികുന്നം: ഗതകാല സ്മൃതികളുണർത്തി വട്ടക്കാട് ക്ഷേത്ര വളപ്പിൽ തല ഉയർത്തി നിന്ന കളിത്തട്ടുകളിൽ ഒന്ന് പെരുമഴയിൽ നിലം പൊത്തി. ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന് ഇരുവശങ്ങളിലായി നിലകൊണ്ടിരുന്ന കളിത്തട്ടുകളിൽ തെക്കുവശത്തേതാണ് വ്യാഴാഴ്ച പുലർച്ചെ തകർന്നുവീണത്.
രാജഭരണ കാലത്തെ പെരുമകൾ വിളിച്ചോതുന്ന കളിത്തട്ടിന് അഞ്ച് നൂറ്റാണ്ടിലേറെ ചരിത്രമുണ്ട്. ജീർണാവസ്ഥയിലായ കളിത്തട്ട് സംരക്ഷിക്കണമെന്ന് കാട്ടി നിരവധി നിവേദനങ്ങൾ ദേവസ്വം ബോർഡിന് നൽകിയെങ്കിലും പരിഗണിക്കാതിരുന്നതാണ് ദുരവസ്ഥക്ക് കാരണമെന്ന് ജനങ്ങൾ പറയുന്നു.
പല തവണ എസ്റ്റിമേറ്റ് എടുത്തെങ്കിലും തുക അനുവദിക്കുന്നതിൽ വീഴ്ച വരുത്തുകയായിരുന്നു. മേൽക്കൂരയിലെ ഓടുകൾ പൊട്ടിയതോടെയാണ് അപൂർവ കൊത്തുപണികളുടെ സൗന്ദര്യം പേറിയിരുന്ന മേൽക്കൂര ദ്രവിച്ച് തുടങ്ങിയത്. വള്ളികുന്നത്തെ ആദ്യ കമ്യൂണിസ്റ്റ് സെൽ രൂപം കൊള്ളുന്നതടക്കുള്ള പല ചർച്ചകൾക്കും ഇവിടെ നിന്നായിരുന്നു തുടക്കമെന്ന് പഴമക്കാർ പറയുന്നു.
500 വർഷം പഴക്കമാണ് പറയുന്നത്. വടക്കുവശത്തുള്ള കളിത്തട്ടും ജീർണാവസ്ഥയിലാണ്. പൈതൃക സ്മാരകമായി സംരക്ഷിക്കേണ്ട ഇവയോടുള്ള അധികൃതരുടെ അനാസ്ഥക്ക് എതിരെ പ്രതിഷേധവും ശക്തമാണ്. ക്ഷേത്ര ഉപദേശക സമിതിയും വിഷയത്തിൽ വീഴ്ച വരുത്തിയതായാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.