ചാരുംമൂട് (ആലപ്പുഴ) : 'കടവും രാഷ്ട്രീയവും പാടില്ല' എന്ന ചായക്കടകളിലെ ബോർഡ് എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ, ചാരുംമൂട് ജങ്ഷനിലെ ബിജുവിെൻറ ചായക്കടയിൽ ചായക്ക് അൽപം ചൂട് കൂടും.
രാഷ്ട്രീയത്തിെൻറ ചൂടാണത്. കടയിലെ പഴയ അലൂമിനിയം കലത്തിെൻറ അടിയിൽ നിക്ഷേപിച്ച ചെമ്പ് നാണയം ടർ.. എന്ന ശബ്ദത്തോടെ താളാത്മകമായി ചിലച്ചുതുടങ്ങി. വെള്ളം തിളച്ചെന്ന മുന്നറിയിപ്പാണത്. പക്ഷേ ബിജു അതത്ര ഗൗനിക്കുന്നില്ല. പുള്ളി കസറിക്കയറുകയാണ്. കഴിഞ്ഞവാരം വരെ ട്രംപും ബൈഡനുമെല്ലാം നിറഞ്ഞുനിന്ന കടവരാന്തയിൽ ഇന്നതല്ല സ്ഥിതി. സ്വർണവും സ്വപ്നയും ബിനീഷും കിറ്റും പ്രകൃതിവാതക ലൈനും... എന്തിന് പുതിയ മാധ്യമ ബില്ലും വരെ സംവാദ വിഷയമാക്കുകയാണ് ചായയുടെ ചൂട് നുണഞ്ഞവർ.
75കാരനായ മൈതീൻകുഞ്ഞാണ് ആദ്യ പൊളിറ്റിക്കൽ കതിനക്ക് തിരികൊളുത്തിയത്. 'ജനക്ഷേമകരമായ കാര്യങ്ങൾ െവച്ച് ഇടതിനാ നേട്ടമെന്ന് എെൻറ അഭിപ്രായം'. അതങ്ങ് പള്ളീൽ പോയി പറഞ്ഞാ മതി -'ഇത്രേം അഴിമതി കാണിച്ച ഒരു സർക്കാർ... ഫൂ ..' കറവക്കാരൻ ഗോപാലൻ ഇടഞ്ഞ കൊമ്പൻ പാപ്പാനോടെന്ന പോലെ മൈതീന് നേരേ തിരിഞ്ഞു.
'അതിനങ്ങ് െവച്ച വെള്ളം വാങ്ങിയേച്ചാ മതി. ഇപ്രാവശ്യം എൻ.ഡി.എ പിടിക്കും നോക്കിക്കോ' -മോദി ഭക്തനായ സുകുമാരൻ ക്ഷുഭിതനായി. 'അത്രക്ക് വേണോ കുമാരാ... കൊറച്ച് സീറ്റുപിടിക്കും. അത്രേയുള്ളു' -അമ്പയറെപ്പോലെ ബിജു സുകുമാരനുനേരേ തിരിഞ്ഞു. 'ആര് ഭരിച്ചാ നമുക്കെന്നാ. അവെൻറയൊക്കെ... വീടു നന്നാവും' -അധ്യാപകനായ ഹരി ഇടപെട്ടു. തീവ്ര രാഷ്ട്രീയത്തിെൻറ വസന്തകാലമോർത്ത് നരച്ച താടിയിൽ വിരലുകളമർത്തി പ്രത്യയശാസ്ത്ര അപചയത്തിെൻറ നൊമ്പരവുമായി പഴയനക്സലൈറ്റ് ബാലൻ ചേട്ടൻ ചർച്ചയുടെ അവസാന ഓവർ വെടിക്കെട്ടാക്കി. അത് ശരിയാണെന്ന് മറ്റുള്ളവരും പറയാതെ പറഞ്ഞു.
ത്രിതല പഞ്ചായത്ത് സ്ഥാനാർഥികൾ ആരൊക്കെയെന്ന് പൂർണമായി തെളിഞ്ഞതോടെ നാടെങ്ങും തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവം. കോവിഡിെൻറ ആശങ്കപ്പെടുത്തുന്ന നാളുകളിൽനിന്ന് ചായക്കടയിലെ പത്രവായനയും വാദപ്രതിവാദങ്ങൾ അടക്കം പഴയ ജീവിത രീതികളിൽ തിരികെ എത്താൻ ശ്രമിക്കുന്ന ഒരു ജനതയുടെ മുന്നിലാണ് ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പ്.
ആകെയുള്ള ഒരു റോഡ് പോലും നവീകരിക്കാൻ കഴിയാത്ത, കഴിഞ്ഞ അഞ്ച് വർഷക്കാലം ഭരണത്തിൽ ഉണ്ടായിരുന്ന അംഗത്തെ വികസന നായകൻ, വാർഡിെൻറ ജീവൻ തുടങ്ങിയ വിശേഷണങ്ങൾ നൽകി അവതരിപ്പിക്കുന്നതിെൻറ ശരിയും തെറ്റും ചർച്ച ചെയ്യുന്നത് ചായക്കടകളും, തട്ടുകടകളും കേന്ദ്രീകരിച്ചുള്ള വേദികളിലാണ്. ഗ്രാമീണ മേഖലകളിൽ സംസ്ഥാന സർക്കാറിനെതിരെ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾക്കപ്പുറം സ്ഥാനാർഥികളെ കുറിച്ചുള്ള വിലയിരുത്തലുകളാണ് ചർച്ചയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.