ആലപ്പുഴ: ജില്ലയിൽ കള്ളിങ് തുടരുമ്പോഴും പക്ഷിപ്പനിബാധ നിയന്ത്രിക്കാനാകുന്നില്ല. ഇതുവരെ കൊന്നൊടുക്കിയത് 1,31,916 എണ്ണമാണ്. 23,000 എണ്ണത്തിനെ കൂടി കൊന്നൊടുക്കേണ്ട പട്ടികയിൽപെടുത്തിയിട്ടുണ്ട്. ഇത്രയേറെ കള്ളിങ് നടത്തിയിട്ടും രോഗബാധ നിയന്ത്രിക്കാനാകാത്തത് അധികൃതരെ കുഴക്കുകയാണ്. സർക്കാർ നിയോഗിച്ച പഠനസംഘം രോഗബാധയുടെ കാരണവും പഠനവിധേയമാക്കുന്നുണ്ട്. ജില്ലയിൽ ഇതുവരെ 28 സ്ഥലങ്ങളിൽനിന്നുള്ള സാമ്പിളുകളാണ് ലാബ് പരിശോധനയിൽ പോസിറ്റിവായത്. ഇതനുസരിച്ച് ഓരോ സ്ഥലങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കള്ളിങ് നടത്തിവരുകയാണ്. മൃഗ സംരക്ഷണ വകുപ്പിന്റെ 12 ദ്രുതകർമ സേന ടീമുകളാണ് കള്ളിങ് നടത്തുന്നത്.
എന്നിട്ടും ഓരോ ദിവസവും പുതിയ സ്ഥലങ്ങളിൽ രോഗബാധ ഉണ്ടാകുകയാണ്. രോഗബാധ നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ വെറുതെ ഇവയെ എല്ലാം കൊന്നൊടുക്കുന്നത് എന്തിന് എന്ന ചോദ്യവുമുയരുന്നു. ഇതുവരെ കൊന്നൊടുക്കിയത് 1,31,916 പക്ഷികളെയെന്നാണ് കണക്കെങ്കിലും എണ്ണം ഇതിലും ഏറെയാണത്രേ. കൊല്ലുന്നതിന് നിയോഗിച്ച ടീമുകൾ അവയുടെ കണക്ക് ജില്ല ആസ്ഥാനത്ത് എത്തിക്കുന്നതിൽ കാലതാമസം വരുത്തുന്നുണ്ട്. കൊന്നൊടുക്കുന്നവയുടെ എണ്ണം 1,43,591 ആകുമെന്ന് ഒരാഴ്ച മുമ്പ് അധികൃതർ പറഞ്ഞിരുന്നു. അവയെ എല്ലാം കൊല്ലുന്നതിന് ടീമുകളെ നിയോഗിക്കുകയും ചെയ്തിരുന്നു. ടീമുകൾ അതിന് ശേഷം ക്വാറന്റീനിൽ പോകുന്നതിനാലാണ് കണക്ക് ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടാകുന്നത്.
ഇപ്പോൾ രോഗബാധ ഏറെയുമുണ്ടാകുന്നത് കോഴി ഫാമുകളിലാണ്. ജില്ലയിൽ രോഗബാധയുടെ തുടക്കം താറാവുകളിലാണ് കണ്ടെത്തിയത്. ദേശാടനപ്പക്ഷികളുടെ കാഷ്ഠം നദികളിലും തോടുകളിലും വീഴുകയും അവയിലൂടെ രോഗം പടരുന്നു എന്നുമാണ് അനുമാനിച്ചിരുന്നത്. അതീവ സുരക്ഷിതമായി വളർത്തിയിരുന്ന നിരണം ഡക്ക് ഫാമിലും രോഗബാധയുണ്ടായതോടെ ജലത്തിലൂടെ മാത്രമാണോ എന്ന സംശയമുയർന്നിരുന്നു. ഇപ്പോൾ രോഗബാധ ഏറെയും കോഴി ഫാമുകളിലാണ്. ഇതിന്റെ കാരണം പഠനസംഘം അന്വേഷിച്ച് വരുകയാണ്. തമിഴ്നാട്ടിൽനിന്നാണ് കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും എത്തിക്കുന്നത്. പരിപാലനത്തിനായി തമിഴ്നാട്ടിൽനിന്ന് ആൾ എത്തുന്നുമുണ്ട്. ഇങ്ങനെ എത്തുന്നവർ ഫാമുകൾ തോറും കയറിയിറങ്ങുന്നതാണ് രോഗം പടരുന്നതിന് കാരണമാകുന്നതെന്നാണ് പ്രാഥമിക നിഗമനം. ജില്ലയിൽ കോഴിഫാമുകൾ ഏറെയുള്ള ചേർത്തല താലൂക്കിലാണ് ഇപ്പോൾ രോഗബാധ കൂടുതലായുള്ളത്.
ചേന്നം പള്ളിപ്പുറം പഞ്ചായത്തിൽ പക്ഷിപ്പനിബാധ തുടരുന്നു. ചൊവ്വാഴ്ച രണ്ടിടത്തുകൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ ആറിടത്താണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചായത്തിലെ മറ്റിടങ്ങളിൽ കള്ളിങ് നടക്കുന്നതിനിടെയാണ് വീണ്ടും രോഗബാധ സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച മുതൽ ഇവിടങ്ങളിലും കള്ളിങ് തുടങ്ങും. കള്ളിങ് നീളുന്നത് മൃഗസംരക്ഷണ വകുപ്പിന്റെ വീഴ്ചയാണെന്ന ആക്ഷേപമുയരുന്നു.രോഗബാധ ഉണ്ടായ സ്ഥലങ്ങളിൽ പക്ഷികളുമായി ഇടപഴകിയവർക്ക് രോഗ പ്രതിരോധ ഗുളിക നൽകുന്നതിൽ ആരോഗ്യവകുപ്പും വീഴ്ചവരുത്തുന്നു. ചത്ത പക്ഷികളെ കൈയുറപോലുമില്ലാതെ കുഴിച്ചിട്ട കർഷകർക്കുപോലും പ്രതിരോധ ഗുളിക പലയിടത്തും ലഭ്യമാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.