ആറാട്ടുപുഴ: തീരവും കിടപ്പാടവും സംരക്ഷിക്കുമെന്ന അധികാരികളുടെ പ്രഖ്യാപനം വെറും വാക്കായതോടെ നിരാശയിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പാനൂർ നിവാസികൾ. അധികാരികളുടെ വഞ്ചനയിലെ പ്രതിഷേധവും ഇവർ മറച്ചുവെക്കുന്നില്ല. തൃക്കുന്നപ്പുഴ പഞ്ചായത്ത് 13ാം വാർഡിൽ പാനൂർ കിഴക്കത്തുശ്ശേരി ഭാഗം മുതൽ തെക്കോട്ട് ചേലക്കാട് വരെയുള്ള ഒരു കിലോമീറ്റർ ഭാഗത്ത് താമസിക്കുന്നവരാണ് കടലാക്രമണ ഭീതിയിൽ കഴിയുന്നത്.
പ്രതിരോധ സംവിധാനങ്ങൾ ദുർബലമായതോടെയാണ് കടലാക്രമണം ഇവിടെ രൂക്ഷമായത്. വർഷങ്ങൾക്ക് മുമ്പുണ്ടായ കടലാക്രമണത്തിൽ മതുക്കൽ -പല്ലന തീരറോഡ് ഇവിടെ പൂർണമായി തകർന്നിരുന്നു. റോഡ് നിന്ന ഭാഗം ഇന്ന് വലിയ ഗർത്തങ്ങളാണ്. അന്ന് നിലംപതിച്ച വൈദ്യുതി തൂണുകളും പൊട്ടിവീണ കമ്പികളും ഇനിയും മാറ്റിയിട്ടില്ല. മൂന്നര പതിറ്റാണ്ട് മുമ്പ് നിർമിച്ച കടൽഭിത്തി പൂർണമായി മണ്ണിനടിയിലാണ്.
2018ൽ മണൽ നിറച്ച ജിയോ ബാഗുകൾ അടുക്കി തീരം സംരക്ഷിക്കാനുള്ള താൽക്കാലിക സംവിധാനമൊരുക്കിയെങ്കിലും ഫലപ്രദമായില്ല. തീരദേശ റോഡ് പുനർനിർമിക്കാത്തത് പ്രദേശവാസികൾക്ക് വലിയ ദുരിതമാണുണ്ടാക്കുന്നത്. അടിക്കടിയുണ്ടാകുന്ന കടലാക്രമണം തീരാദുരിതം തീർക്കുമ്പോഴും അധികാരികൾ കുറ്റകരമായ മൗനത്തിലാണ്. കൂടുതൽ അപകടാവസ്ഥ നിലനിൽക്കുന്ന പ്രദേശം എന്ന പരിഗണനയിൽ ഇവിടെ പുലിമുട്ട് നിർമിക്കാൻ ജലസേചന വകുപ്പ് അധികാരികൾ വർഷങ്ങൾക്ക് മുമ്പേ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ഒന്നും നടന്നില്ല.
ടെട്രാപോഡ് ഉപയോഗിച്ചുള്ള ആധുനിക പുലിമുട്ട് നിർമിച്ചാൽ പ്രദേശം സംരക്ഷിക്കാനാകും. ഗുരുതര സാഹചര്യം പരിഗണിച്ച് പാനൂരിന് അടിയന്തര പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് 13 ാം വാർഡ് മെംബർ മുഹമ്മദ് കുഞ്ഞ് പടന്നയിലും ആക്ഷൻ കമ്മിറ്റി ചെയർമാൻ ബഷീർ മേത്തറും ജലസേചന മന്ത്രി, പൊതുമരാമത്ത് മന്ത്രി, കലക്ടർ, ഹരിപ്പാട് എം.എൽ.എ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, നടപടി ഒന്നുമുണ്ടായിട്ടില്ല. പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.