ആലപ്പുഴ: സ്വപ്നപദ്ധതിയായ ആലപ്പുഴ ബൈപാസ് യാഥാര്‍ഥ്യമായപ്പോള്‍ അതിന് സാക്ഷിയാകാന്പോലും കഴിയാതിരുന്നത് മാനസിക പിരിമുറുക്കം ഉണ്ടാക്കിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഡി.സി.സി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിന് ക്ഷണിച്ചില്ലെങ്കിലും ബൈപാസ് തുറന്നുകൊടുത്തത് സന്തോഷകരമാണ്. 2005ല്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന നിതിന്‍ ഗഡ്കരിയെ പങ്കെടുപ്പിച്ച് നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് വിട്ടുനിന്നവരാണ് മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും. ഈ പദ്ധതി നടപ്പാകില്ലെന്ന് ഐസക് പറഞ്ഞെങ്കിലും അത് ഇച്ഛാശക്തിയോടെ നടപ്പാക്കുമെന്ന് പറഞ്ഞ കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ ബൈപാസിനായി ഒന്നും ചെയ്തില്ലെന്നാണ് മന്ത്രി സുധാകരന് അവകാശപ്പെടുന്നത്. തെൻറ മുന്നിലിരിക്കുന്ന ഫയലുകള്‍ മറിച്ചുനോക്കിയാൽ യു.ഡി.എഫ് സര്‍ക്കാറിെൻറ പങ്ക് എന്താണെന്ന് മന്ത്രിക്ക് മനസ്സിലാകും.
കൂടിയ തുക ടോള്‍ കൊടുത്തായിരുന്നെങ്കില്‍ ബൈപാസ് നേരേത്ത വരുമായിരുന്നു. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തുല്യമായി പണം മുടക്കുന്ന പദ്ധതിയാക്കി മാറ്റി ആലപ്പുഴ ബീച്ചിെൻറ ഭംഗിക്ക് കോട്ടംതട്ടാതെ എലവേറ്റഡ് ഹൈവേ നിര്മിച്ചുകൊണ്ടുവന്നത് യു.പി.എ-യു.ഡി.എഫ് സര്‍ക്കാറുകളാണ്. അതിന് ഉമ്മന്‍ ചാണ്ടിയോട് താന്‍ കടപ്പെട്ടിരിക്കുെന്നന്ന് വേണുഗോപാല്‍ പറഞ്ഞു.
ആലപ്പുഴ ബൈപാസ് പ്രാവര്‍ത്തികമാക്കിയ കെ.സി. വേണുഗോപാലിനെ കാഴ്ചക്കാരനാകാൻപോലും ക്ഷണിക്കാതെ ഉദ്ഘാടന ചടങ്ങില്‍നിന്ന് ഒഴിവാക്കിയത് എല്‍.ഡി. എഫിന് ശാപമായിത്തീരുമെന്ന് സ്വീകരണം ഉദ്ഘാടനം ചെയ്യവെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.സിയുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ 15 വര്‍ഷംകൂടി ബൈപാസ് പൂര്‍ത്തീകരണം നീളുമായിരുന്നു.
ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം. മുരളി, ഡി. സുഗതന്, എ.എ. ഷുക്കൂര്‍, കോശി എം. കോശി, ജോണ്സണ് എബ്രഹാം, പഴകുളം മധു, കെ.പി.സി.സി സെക്രട്ടറിമാരായ ബി. ബൈജു, കറ്റാനം ഷാജി, ഇ. സമീര്‍, എന്‍. രവി, കെ.പി. ശ്രീകുമാര്‍, എസ്. ശരത്, എം.ജെ. ജോബ്, എം.എം. നസീര്‍, നേതാക്കളായ കെ.കെ. ഷാജു, സി.കെ. ഷാജി മോഹന്‍, നെടുമുടി ഹരികുമാര്‍, സതീഷ് കൊച്ചുപറമ്പില്‍, കെ.വി. മേഘനാഥന്, അനില്‍ ബോസ്, കെ.ആര്. മുരളീധരന്, സിറിയക് ജേക്കബ്, സി.വി. മനോജ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.