മാരാരിക്കുളം: കാർഷിക പെരുമ നേടിയ കഞ്ഞിക്കുഴി പഞ്ചായത്തിൽ കൃഷിക്ക് പുറമേ യുവജനങ്ങൾക്കും വയോജനങ്ങൾക്കും സ്ത്രീകൾക്കും പ്രാമുഖ്യമുള്ള പദ്ധതികൾക്ക് കൂടുതൽ പണം നീക്കിവെച്ച് 2024-’25 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ അവതരിപ്പിച്ചു. പ്രസിഡന്റ് ഗീതകാർത്തികേയൻ അധ്യക്ഷത വഹിച്ചു.
തരിശുഭൂമികളിൽ കൃഷി ചെയ്യാൻ താൽപ്പര്യം കാണിക്കാത്ത ഭൂഉടമകളിൽ നിന്ന് നിയമാനുസൃതം സ്ഥലം ഏറ്റെടുത്ത് കാർഷികവൃത്തി നടത്താൻ ഗ്രൂപ്പുകൾക്ക് പണം നൽകുന്ന പദ്ധതികളടക്കം രൂപവത്കരിക്കും. എല്ലാ വീടുകളിലും സൗജന്യമായി ഗുണമേൻമയേറിയ തൈകൾ നൽകി കുരുമുളക് ഗ്രാമം സൃഷ്ടിക്കും.
നെൽകൃഷി വ്യാപിപ്പിക്കാനും സംരക്ഷിക്കാനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. അത്യുൽപ്പാദന ശേഷിയുള്ള കപ്പക്കൊമ്പുകൾ സൗജന്യമായി നൽകുന്ന പദ്ധതിയും ആവിഷ്കരിക്കും.
തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ജനകീയ ലേബർ ബാങ്കിന് പണം നീക്കിവച്ചിട്ടുണ്ട്. അംഗീകൃതവായനശാലകൾക്ക് സൗജന്യ പ്രസിദ്ധീകരണങ്ങൾ നൽകുന്നതിന് പുറമേ വൈഫൈ കണക്ഷനും നൽകും. സമ്പൂർണ സർക്കാറുദ്യോഗസ്ഥ ഗ്രാമമെന്ന സ്വപ്ന സാക്ഷാത്കാരത്തിന് ‘കരിയർ കഞ്ഞിക്കുഴി’ പദ്ധതി വിപുലീകരിക്കും.
ഗ്രാമീണ മേഖലകളിൽ മാസംതോറും പരിപാടികൾ ഒരുക്കുന്ന ‘സൺഡേ പ്ലാറ്റ്ഫോം’ പദ്ധതി നടപ്പാക്കും. 35,59,00,912 രൂപ വരവും 35,36,28, 301രൂപ ചിലവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.