ആലപ്പുഴ: 20 ദിവസത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവിൽ 'യുദ്ധക്കപ്പൽ' യാത്ര വെള്ളിയാഴ്ച പുനരാരംഭിക്കും. ആലപ്പുഴ ബൈപാസ് മേൽപാലം വഴി വലിയ ക്രെയിൻ ഉപയോഗിച്ച് കടപ്പുറത്ത് എത്തിക്കാനുള്ള നീക്കത്തിന് ദേശീയപാത അധികൃതർ അനുമതി നൽകാത്ത സാഹചര്യത്തിൽ ബദൽമാർഗം കണ്ടെത്തിയാണ് കപ്പൽ കൊണ്ടുപോകുന്നത്.
ഇതിനായി മൂന്നര കിലോമീറ്റർ റോഡുമാർഗമുള്ള തടസ്സങ്ങൾ പൂർണമായും നീക്കിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. റെയിൽവേ ഗേറ്റ് മറികടക്കുന്നതിനുള്ള തടസ്സമായിരുന്നു പ്രധാനം. ഇത് പരിഹരിക്കാൻ റെയിൽവേ ലൈനുകൾ അഴിച്ചുമാറ്റുന്നതടക്കമുള്ള ജോലികൾക്കായി റെയിൽവേക്ക് എട്ടുലക്ഷം രൂപ നൽകിയാണ് അനുമതി നേടിയത്. കപ്പൽ ബീച്ചിലെത്തിക്കാൻ റെയിൽവേ രണ്ടുദിവസത്തെ അനുമതിയാണുള്ളത്. കെ.എസ്.ഇ.ബി, പൊലീസ് അടക്കമുള്ള വകുപ്പുകളുടെ മുന്നൊരുക്കവും നടത്തി.
60 ടൺ ഭാരമുള്ള ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക് ടി-81) പഴയയുദ്ധക്കപ്പൽ ബൈപാസിലൂടെ പ്രവേശിപ്പിച്ച് ബീച്ചിലെത്തിക്കാൻ ഒക്ടോബർ രണ്ട് മുതൽ ദേശീയപാത അധികൃതരുടെ അനുമതി കാത്ത് ടോൾബൂത്തിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇവിടെനിന്ന് വെള്ളിയാഴ്ച പുലർച്ച ആറിന് കൊമ്മാടിയിൽനിന്ന് കപ്പൽ പുറപ്പെടും. പിന്നീട് കളപ്പുര-ആറാട്ടുവഴി ശവക്കോട്ടപാലം കടക്കും. കോൺെവൻറ് സ്ക്വയറിലൂടെ കണ്ണൻവർക്കി പാലത്തിന് സമീപത്തെ കൊച്ചുടപ്പാലം, ഡച്ച് സ്ക്വയർ ജങ്ഷൻ, കറുത്തകാളിപ്പാലം വഴി കലക്ടറുടെ ബംഗ്ലാവിന് സമീപമെത്തിക്കുകയാണ് ആദ്യലക്ഷ്യം. ഇത് പൂർത്തിയാക്കാൻ രാവിലെ 9.30വരെ സമയം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഇവിടെനിന്നു രാത്രി 10.30 മുതൽ ശനിയാഴ്ച പുലർച്ച 2.30 വരെ സമയത്തിനുള്ളിൽ റെയിൽവേ ഗേറ്റ് മറികടന്ന് കടൽതീരത്തേക്ക് എത്തിക്കും.
തണ്ണീർമുക്കത്ത് വേമ്പനാട്ടുകായലിൽനിന്ന് സെപ്റ്റംബർ 25ന് ആലപ്പുഴയിലേക്ക് കരമാർഗമാണ് കപ്പലിെൻറ യാത്ര ആരംഭിച്ചത്. 96 ചക്രങ്ങളുള്ള മള്‍ട്ടി ആക്സില്‍ ബുള്ളറ്റില്‍ കയറ്റിയ കപ്പൽ യുദ്ധസമാനമായ സുരക്ഷയൊരുക്കി ദിവസങ്ങെളടുത്താണ് കൊമ്മാടിയിൽ ബൈപാസ് ടോൾബൂത്തിനടുത്ത് എത്തിച്ചത്. േമൽപാലത്തിൽനിന്നും ക്രെയിൻവഴി താഴെയിറക്കുേമ്പാൾ ഉണ്ടാകുന്ന സുരക്ഷകണക്കിലെടുത്ത് ദേശീയപാത പൊതുമരാമത്ത് വിഭാഗം അനുമതി നിഷേധിച്ചതോെടയാണ് കപ്പൽയാത്രയുടെ സഞ്ചാരം മാറ്റിയത്.
രാത്രി ലെവൽേക്രാസ് കടക്കും
തീരദേശപാതയിലൂടെ കടന്നുപോകുന്ന തിരക്കില്ലാത്ത സമയംനോക്കിയാണ് റെയിൽവേ രണ്ടുദിവസത്തെ അനുമതി നൽകിയത്.
ട്രെയിനുകൾ കടന്നുപോയതിനുശേഷം രാത്രി 10.30 മുതൽ കപ്പൽ 64ാം നമ്പർ ലെവൽക്രോസ് മറികടന്ന് പടക്കപ്പൽ കടപ്പുറത്തേക്ക് എത്തിക്കുന്നത്. വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുന്നതടക്കമുള്ള ജോലികൾ പൂർത്തിയാക്കിയശേഷം കപ്പൽ മുന്നോട്ടെടുക്കും. ഇതിന് രണ്ടുമണിക്കൂറിലേറെ സമയം വേണ്ടിവരുമെന്നാണ് കണക്ക്കൂട്ടൽ. ശനിയാഴ്ച പുലർച്ചയാണ് കടൽതീരത്തെ പ്രത്യേകസ്ഥലത്ത് സ്ഥാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.