ആലപ്പുഴ: നഗരത്തിലെ ജ്വല്ലറി മോഷണക്കേസിൽ മധ്യപ്രദേശ് സ്വദേശിയായ യുവാവ് അറസ്റ്റിൽ. പ്രതിയായ മധ്യപ്രദേശ് സ്വദേശി ധൻരാജിനെ (30) നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനക്കിടെ കൈനടി പൊലീസ് ഇയാളെപിടികൂടിയതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഇയാളുടെ ബാഗിൽനിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മുല്ലയ്ക്കൽ ഗുരുജ്വല്ലറിയിൽനിന്നടക്കം മോഷണം നടത്തിയതായി വിവരം ലഭിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുമായി വ്യാഴാഴ്ച നടത്താനിരുന്ന തെളിവെടുപ്പ് മാറ്റിവെച്ചു.
ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കാനാണിത്. മോഷണം നടത്തിയരീതി, ജ്വല്ലറിയിൽ അകത്തുകടന്നത് എങ്ങനെ എന്നിവ അറിയാൻ പ്രതിയുമായി തെളിവെടുപ്പ് നടത്തും. മോഷണം നടന്ന് ഒന്നരമാസത്തിനുശേഷമാണ് പ്രതി പിടിയിലാകുന്നത്. നഗരത്തിലെ സി.സി.ടി.വി കാമറകളടക്കം പരിശോധിച്ചിട്ടും കാര്യമായ വിവരം കിട്ടിയിരുന്നില്ല. ജ്വല്ലറിയുടെ ഓടിളക്കി അകത്തുകടന്ന മോഷ്ടാവ് ഏകദേശം എട്ടുകിലോഗ്രാം വെള്ളി ആഭരണങ്ങളും സ്വർണം പൊതിഞ്ഞ ആറുലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങളും ഉൾപ്പെടെ 13 ലക്ഷം രൂപയുടെ സാധനങ്ങളാണ് അപഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.