ആലപ്പുഴ: വേനൽക്കാലത്ത് ജോലിഭാരം വർധിക്കുമ്പോഴും അഗ്നിരക്ഷ സേനയിൽ ജീവനക്കാരുടെ ക്ഷാമം നികത്താൻ നടപടിയില്ല. ജില്ലയിൽ വിവിധ അഗ്നിരക്ഷാ നിലയങ്ങളിലായി 50 ഓഫിസർമാരുടെ ഒഴിവാണുള്ളത്. എല്ലാ യൂനിറ്റിലും ദിവസവും ശരാശരി മൂന്ന് ഫോൺകാളുകളെങ്കിലും തീപിടിത്തവുമായി ബന്ധപ്പെട്ട് വരുന്നുണ്ട്.
മറ്റു സേവനങ്ങൾക്കായുള്ള വിളികൾ വേറെയും. ഒന്നരവർഷം മുമ്പ് 88 ജീവനക്കാരുണ്ടായിരുന്ന ആലപ്പുഴ അഗ്നിരക്ഷാസേന യൂനിറ്റിൽ സ്റ്റേഷൻ ഓഫിസറടക്കം നിലവിൽ 50 ജീവനക്കാരാണുള്ളത്. ജില്ലയിൽ 52 ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 30പേർ മാത്രം.
ചെങ്ങന്നൂർ അഗ്നിരക്ഷസേനയിൽ അഞ്ച് ഫയർ ഓഫിസർമാരുടെ കുറവുണ്ട്. ഹരിപ്പാടും അരൂരുമായി മൂന്ന് ഡ്രൈവർമാരുടെ കുറവും. തകഴി മിനി അഗ്നിരക്ഷാസേന യൂനിറ്റിൽ വിവിധ വകുപ്പുകളിലായി നാല് ജീവനക്കാർ കുറവ്. 20 ഡ്രൈവർമാരുണ്ടായിരുന്നിടത്ത് 10 പേരും 11 സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരുണ്ടായിരുന്ന സ്ഥാനത്ത് ആറുപേരെയും വെച്ചാണ് അഗ്നിരക്ഷ നിലയങ്ങളുടെ പ്രവർത്തനം. രണ്ടു മെക്കാനിക്കൽ തസ്തികയുണ്ടെങ്കിലും ഉള്ളത് ഒരാൾ. ജീവനക്കാരെ സ്ഥലംമാറ്റുമ്പോൾ ആ തസ്തികയിലേക്ക് പകരം ആളെ നിയമിക്കാത്തതാണ് പ്രശ്നം.
ഡിസംബർ മുതലുള്ള മൂന്നുമാസത്തെ ഇന്ധന കുടിശ്ശികയായ 12 ലക്ഷത്തോളം രൂപ കിട്ടാത്തത് പ്രതിസന്ധിയാകാനും സാധ്യതയുണ്ട്. ഓരോ മാസവും 3.5 മുതൽ നാല് ലക്ഷം രൂപയുടെ ഇന്ധനമാണ് ജില്ലയിലെ അഗ്നിരക്ഷസേനയുടെ വാഹനങ്ങൾക്ക് വേണ്ടിവരുന്നത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയ ഇനത്തിലും തുക കുടിശ്ശികയാണ്.
ഓഫിസ് ചെലവുകൾക്കായി തുക അനുവദിച്ചിട്ട് മാസങ്ങളായി. ഈയിനത്തിൽ മാത്രം ഒരു ലക്ഷത്തിലധികം രൂപ നിലയങ്ങൾക്ക് കിട്ടാനുണ്ട്. ജില്ല ഓഫിസർ, സ്റ്റേഷൻ ഓഫിസർമാർ എന്നിവർ സ്വന്തം പണം മുടക്കിയാണ് വാഹനങ്ങൾക്ക് ഇൻഷുറൻസ് എടുക്കുന്നതും ഓഫിസ് ചെലവുകൾ നടത്തുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.