പൂച്ചാക്കൽ: വേമ്പനാട്ടുകായലിൽ പോളപ്പായൽ തിങ്ങിയതോടെ മത്സ്യത്തൊഴിലാളികൾ വറുതിയിലായിരിക്കുകയാണ്. പായലിലൂടെയുള്ള ബോട്ട് യാത്രയും ദുരിതപൂർണമാകുകയാണ്. ഇടവേളക്ക് ശേഷം മഴയെത്തിയതോടെയാണ് കായലിൽ പോള തിങ്ങിയത്. ഇടത്തോടുകളിലും പാടങ്ങളിലും കുളങ്ങളിലും ഉണ്ടായിരുന്ന പായലുകളെല്ലാം എത്തിയതോടെയാണ് കായലിൽ പോള നിറഞ്ഞത്. മത്സ്യത്തൊഴിലാളികൾ വലയെറിയാൻ കഴിയാതെ പ്രയാസത്തിലാണ്. ചീനവല, നീട്ടുവല എന്നിവ ഉപയോഗിച്ച് മീൻ പിടിക്കുന്നവരും വറുതിയിലാണ്. കക്കത്തൊഴിലാളികൾക്കും കായലിൽ ഇറങ്ങാൻ കഴിയുന്നില്ല. വളരെ ബുദ്ധിമുട്ട് സഹിച്ചാണ് ബോട്ട് യാത്ര നടത്തുന്നത്. ബോട്ടിന്റെ പ്രൊപ്പല്ലറിൽ പായൽ കുടുങ്ങുന്നത് പതിവാകുന്നു. ഒരു ട്രിപ്പിൽ തന്നെ ജീവനക്കാർക്ക് രണ്ടുമൂന്ന് തവണ കായലിൽ ഇറങ്ങേണ്ടി വരുന്ന അവസ്ഥയുണ്ട്. രാവിലെ പെരുമ്പളത്തെ ചില ജെട്ടികളിൽ ബോട്ട് അടുപ്പിക്കാൻ കഴിയാത്തത് യാത്രക്കാരെ പ്രയാസപ്പെടുത്തുന്നു. ഊന്നുകുറ്റികളിൽ പായൽ ശക്തിയായി ഇടിച്ച് കേടുപാട് വരുത്തിക്കൊണ്ടിരിക്കുന്നുണ്ട്. പായലുകളുടെ ആധിക്യംകൊണ്ട് ബോട്ടുകൾക്ക് ദിശയറിയാനുള്ള ചാലുകുറ്റിക്ക് വരെ കേടുപാടുകൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്.
ബോട്ടിലെ ലാസ്കറിന്റെ വിരലറ്റു
പെരുമ്പളം: പ്രൊപ്പല്ലറിൽ പോള കുടുങ്ങി നിയന്ത്രണം വിട്ട് ബോട്ട് ജെട്ടിയിൽ അടുപ്പിക്കാനുള്ള ശ്രമത്തിനിടെ വടം കൈയിൽ കുരുങ്ങി ലാസ്കറിന്റെ വിരലറ്റു.
പാണാവള്ളി ജെട്ടിയിൽ അടുക്കുന്നതിന് തൊട്ടുമുമ്പ് പ്രൊപ്പല്ലറിൽ പോളപിടിച്ചതുമൂലം ബോട്ട് റിവേഴ്സ് കിട്ടാതെ ജെട്ടിയോട് ചേർന്ന് മുന്നോട്ട് നീങ്ങി. മുന്നിൽ കിടന്ന ആംബുലൻസ് ബോട്ടിലും ജങ്കാറിലും ഇടിക്കാതിരിക്കാൻ ലാസ്കർ വൈക്കം സ്വദേശി രാജീവ് ജെട്ടിയിലേക്ക് ചാടിക്കയറി പൊള്ളാട് കുറ്റിയിൽ കയർ ചുറ്റിപ്പിടിച്ച് ബോട്ട് നിർത്താൻ ശ്രമിച്ചു. കയർ രണ്ടാമത്തെ ചുറ്റ് ഇടാൻ ശ്രമിച്ചപ്പോൾ കയറിനും കുറ്റിക്കുമിടയിൽ വിരൽ കുടുങ്ങി വിരലിന്റെ അഗ്രം അറ്റുപോകുകയായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.