ആര്യാട്: സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച 40ഓളം വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആര്യാട് ലൂഥർ മിഷൻ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ല.
വെള്ളിയാഴ്ച ഉച്ചക്കുശേഷം ക്ലാസ് തുടങ്ങിയപ്പോൾ ഒരു കുട്ടിക്ക് ഛർദി ഉണ്ടായതാണ് തുടക്കം. വൈകീട്ട് സ്കൂൾ വിട്ടതോടെ കൂടുതൽ കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ 18, കടപ്പുറം ആശുപത്രി നാല്, ചെട്ടികാട് ആശുപത്രി രണ്ട്, നഗരത്തിലെ സ്വകാര്യ ആശുപത്രി രണ്ട് എന്നിങ്ങനെയാണ് കുട്ടികൾ ചികിത്സയിലുള്ളത്. ശേഷിച്ച കുട്ടികളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ചോറിനൊപ്പം ഉപയോഗിച്ച പച്ചമോരിൽനിന്നാണ് ഭക്ഷ്യവിഷബാധയെന്ന് സംശയമുണ്ട്. രണ്ടുദിവസം അവധിയായതിനാൽ വിദ്യാർഥികൾക്ക് നൽകേണ്ട പാൽ ഉറ ഒഴിച്ചുവെച്ചിരുന്നു. ഇതാണ് മോരായി ഉപയോഗിച്ചത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി പാചകപ്പുരയടക്കമുള്ളവ പരിശോധിച്ചു.
സംഭവം ഗുരുതര വീഴ്ചയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സരുൺ റോയ് ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ, സി.പി.ഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി പി.വി. സത്യനേശൻ തുടങ്ങിയവർ ആശുപത്രി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.