ചെങ്ങന്നൂർ: ജില്ലയിൽ 63 പശുക്കൾക്ക് ഭക്ഷ്യവിഷബാധ. ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ നാല് കർഷകരുടെ 32 പശുക്കൾക്കും ചേന്നംപള്ളിപ്പുറത്ത് മൂന്ന് കർഷകരുടെ 31 പശുക്കൾക്കുമാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടെണ്ണം കഴിഞ്ഞ ദിവസങ്ങളിൽ ചത്തു. ഒരെണ്ണത്തിന്റെ നില ഗുരുതരമാണ്.
ചേന്നംപള്ളിപ്പുറം 12ാം വാർഡിൽ പവിത്രത്തിൽ ലീല പവിത്രന്റെ ഫാമിലെ പശുവിന്റെ നില ഗുരുതരമാണ്. ഇവരുടെ 18 പശുക്കളിൽ വിഷബാധയേറ്റ 14 എണ്ണത്തിൽ ഒന്നാണ് ചത്തത്. കിടാവുകൾക്കും രോഗം ബാധിച്ചതായി സൂചനയുണ്ട്. ചെങ്ങന്നൂരിൽ സ്വകാര്യ ഫാമിലും മൂന്ന് വീടുകളിലുമാണ് വിഷബാധയേറ്റത്. ആറാം വാർഡിൽ മംഗലം അനുഷാഭവനിൽ ഗീതാകുമാരിയുടെ വീട്ടിലെ പശു തിങ്കളാഴ്ച ചത്തു. ഇവിടെ മറ്റ് അഞ്ച് പശുക്കൾക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.
തീറ്റയെടുക്കാതിരിക്കുക, മന്ദത, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കന്നുകാലികൾക്ക് ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ വെറ്ററിനറി ഡോക്‌ടറുടെ സേവനം തേടണം. ജില്ലയിൽ കാലിത്തീറ്റയിൽനിന്ന് ഉണ്ടായതായി സ്ഥിരീകരിച്ച ഭക്ഷ്യവിഷബാധ നിയന്ത്രണവിധേയമായതായി ജില്ല ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ബി. സന്തോഷ്‌കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.