തുറവൂർ: സ്ത്രീകൾക്ക് വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തിരുനെൽവേലി യോഗപതിയാണ് (30) കുത്തിയതോട് പൊലീസിന്റെ പിടിയിലായത്. തുറവൂർ പഞ്ചായത്ത് ഏഴാം വാർഡ് വളമംഗലം വടക്ക് ആഞ്ഞിലിക്കാപ്പള്ളി കോളനിയിലെ സ്ത്രീകളാണ് തട്ടിപ്പിന് ഇരയായത്. ശാസ്താ ഫിനാൻസെന്ന സ്ഥാപനത്തിന്റെ നോട്ടീസുമായാണ് ജൂണിൽ രണ്ടുപേർ പ്രദേശത്തെത്തിയത്.
സ്ത്രീകളുടെ ഗ്രൂപ്പുകൾക്ക് പരമാവധി ഒരു ലക്ഷം രൂപവരെ വായ്പ നൽകാമെന്നും 4800 രൂപവെച്ച് 24 മാസം കൊണ്ട് അടച്ചു തീർത്താൽ മതിയെന്നുമായിരുന്നു പറഞ്ഞത്. 31 സ്ത്രീകൾ ആധാറും മറ്റു രേഖകളും നൽകി.
വായ്പ ലഭിക്കണമെങ്കിൽ ഓരോരുത്തരും സർവിസ് ചാർജായി 950 രൂപ വീതം കമ്പനിയുടെ അക്കൗണ്ടിൽ മുൻകൂർ അടക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെയടിസ്ഥാനത്തിൽ രണ്ടു ബാങ്കിൽനിന്നായി കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു.
ദിവസങ്ങൾ കഴിഞ്ഞിട്ടും ഫിനാൻസ് സ്ഥാപനത്തിന്റെ ആളുകളെ കാണാതായപ്പോൾ നോട്ടീസിൽ രേഖപ്പെടുത്തിയ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. അപ്പോഴാണ് തങ്ങൾ തട്ടിപ്പിന് ഇരയായെന്ന വിവരം സ്ത്രീകൾക്ക് മനസ്സിലായത്. തുടർന്നാണ് പഞ്ചായത്ത് അംഗം സുദർശനന്റെ നേതൃത്വത്തിൽ പരാതി തയാറാക്കി ഒപ്പുശേഖരണം നടത്തി കുത്തിയതോട് പൊലീസിൽ നൽകുകയായിരുന്നു.
കുത്തിയതോട് സി.ഐ ഫൈസൽ, എസ്.ഐ രാജീവ്, സിവിൽ പൊലീസ് ഓഫിസർമാരായ ആനന്ദ്, നിധിൻ, മനേഷ് കെ. ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.