ആലപ്പുഴ: അനർഹമായി മുൻഗണന കാർഡുകൾ കൈവശംവെച്ച് സബ്സിഡി ഭക്ഷ്യധാന്യം ഉൾപ്പെടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നവർക്കെതിരെ നടപടി കർശനമാക്കി സിവിൽ സപ്ലൈസ്. ഇതുവരെ അനർഹർ കൈവശം വെച്ച 27 മഞ്ഞക്കാർഡും 80 പിങ്ക് കാർഡുകളുമടക്കം 110 മുൻഗണന കാർഡുകൾ പിടിച്ചെടുത്തു. ഇവരിൽനിന്ന് ഇതുവരെ വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ പൊതുവിപണി വില പിഴയായി ഈടാക്കും.
മുൻഗണന മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഒട്ടേറെപ്പേർ അനർഹമായി കാർഡുകൾ കൈവശംവെച്ച് ആനുകൂല്യം കൈപ്പറ്റുന്നതായി ആരോപണമുണ്ട്. റേഷൻ ഭക്ഷ്യധാന്യത്തിന് പുറമേ ചികിത്സാസഹായവും മറ്റാനുകൂല്യവുമാണ് ഇവർ തട്ടിയെടുക്കുന്നത്.
ഇക്കാരണത്താൽ അർഹരായവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുണ്ട്. മുൻഗണന കാർഡുകൾ കൈവശംവെച്ച് ഒട്ടേറെപ്പേർ റേഷൻകടകളിൽനിന്ന് ഭക്ഷ്യധാന്യം വാങ്ങി മറിച്ചുവിൽക്കുന്നുമുണ്ട്. താറാവ്, മീൻ എന്നിവക്ക് തീറ്റയായി റേഷൻധാന്യങ്ങൾ ഇവർ നൽകിയിരുന്നു. ഇത്തരക്കാരിൽ ചിലർ പിടിക്കപ്പെട്ടതോടെയാണ് അടുത്തിടെ സിവിൽ സപ്ലൈസ് അധികൃതർ നടപടി ശക്തമാക്കിയത്. ജൂലൈ 31 വരെയാണ് അനർഹമായി കൈവശംവെച്ച കാർഡുകൾ തിരിച്ചേൽപ്പിക്കാൻ അനുമതി നൽകിയിരുന്നത്. ഇനിയും ഒട്ടേറെ കുടുംബങ്ങൾ തിരിച്ചേൽപ്പിക്കാനുണ്ട്.
സർക്കാർ, അർധസർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാർ, സർവിസ് പെൻഷൻകാർ, പ്രതിമാസ വരുമാനം 25,000 രൂപയിൽ കൂടുതലുള്ളവർ, ആദായനികുതി നൽകുന്നവർ, സ്വന്തമായി 1000 ചതുരശ്രയടിക്കുമേൽ വിസ്താരമുള്ള വീട്/ഫ്ലാറ്റ് ഉള്ളവർ, നാലുചക്രവാഹനം ഉള്ളവർ (ഏക ഉപജീവനമാർഗം ആയ ടാക്സി ഒഴികെ), സ്വന്തമായി ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ (പട്ടികവർഗക്കാർ ഒഴികെ), കുടുംബത്തിലെ ആർക്കെങ്കിലും വിദേശജോലിയിൽനിന്നോ സ്വകാര്യസ്ഥാപനങ്ങളിലെ ജോലിയിൽനിന്നോ 25,000 രൂപയിലധികം പ്രതിമാസ വരുമാനം ഉള്ളവർ തുടങ്ങിയവരാണ് കൈവശമുണ്ടെങ്കിൽ മുൻഗണന കാർഡുകൾ തിരിച്ചുനൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.