അരൂർ: കൈതപ്പുഴ കായലിനരികിൽ അരൂർ-കുമ്പളം പാലത്തിനുതാഴെ മാലിന്യം കുമിയുന്നു. അരൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കാനുള്ള കഠിന പരിശ്രമം അധികാരികൾ നടത്തുന്നതിനിടയിലാണ് അരൂർ-കുമ്പളം പാലത്തിന്റെ അരൂർക്കരയിൽ മാലിന്യം കുമിയുന്നത്. ആളൊഴിഞ്ഞ ഈ സ്ഥലം മാലിന്യം തള്ളാനുള്ള ഇടമായി സാമൂഹിക വിരുദ്ധർ കണ്ടെത്തിയിട്ട് വർഷങ്ങളായി.
പാലത്തിൽനിന്ന് മാലിന്യം വലിച്ചെറിയുന്നത് തടയാൻ വേലികെട്ടിയിരുന്നു. ആ സംവിധാനങ്ങളെല്ലാം നശിച്ചുകഴിഞ്ഞു. വാഹനങ്ങളിൽ മാലിന്യവുമായി എത്തുന്നവർ കിറ്റുകളിലും പ്ലാസ്റ്റിക് സഞ്ചികളിലും മാലിന്യം എറിയുകയാണ്.
മാലിന്യം തള്ളുന്നതിനെതിരെ കൊച്ചി കോർപറേഷൻ കടുത്ത നിലപാട് എടുത്തതിനെ തുടർന്ന് കൊച്ചി നിവാസികൾ തൊട്ടടുത്തുള്ള അരൂർ മേഖലയിൽ മാലിന്യം തള്ളുന്നത് പതിവാക്കിയിരിക്കുകയാണ്. കൈതപ്പുഴ കായലിനരികിൽ മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ട്.
സഹിക്കാനാകാത്ത ദുർഗന്ധമാണ് ഇവിടെ നിന്നുയരുന്നത്. കായൽ തീരത്തേക്ക് അടുക്കാൻ സാധിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതുപോലെ മാലിന്യം കുമിഞ്ഞ സന്ദർഭത്തിൽ മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുത്ത് മാലിന്യം മൂടിയശേഷം അരൂർ ഗ്രാമപഞ്ചായത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് ഇതുവരെ നടപ്പായില്ല.
അരൂർ-കുമ്പളം പാലത്തിന് കിഴക്കുവശം താമസിക്കുന്നവർക്ക് നാലുവരി ദേശീയപാത മറികടക്കാതെ തന്നെ അരൂർപള്ളിയിലും മാർക്കറ്റിലും കുട്ടികൾക്ക് സ്കൂളുകളിലും അരൂരിന്റെ വടക്കൻ പ്രദേശങ്ങളിലുമെത്താൻ പാലത്തിന്റെ അടിയിലൂടെ തുരങ്കപാത നിർമിക്കണമെന്ന് വർഷങ്ങൾക്കു മുമ്പ് മുതൽ ആവശ്യപ്പെടുന്നതാണ്.
തുരങ്കപാത യാഥാർഥ്യമാക്കിയാൽ ജനസഞ്ചാരമുള്ള ഈ പ്രദേശം മാലിന്യമുക്തമാക്കാനും സാധിക്കും.
ആളൊഴിഞ്ഞ പ്രദേശം മാലിന്യം തള്ളാൻ മാത്രമല്ല സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ഇവിടെയുള്ള കുറ്റിക്കാട് ആത്മഹത്യക്ക് പറ്റിയ സ്ഥലമായി വരെ ആളുകൾ കണ്ടെത്തിയിട്ടുള്ള സംഭവം ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.