ആലപ്പുഴ: തുടർച്ചയായി അതിതീവ്ര ചൂട് രേഖപ്പെടുത്തിയ ജില്ലയിലും ഉഷ്ണതരംഗ മുന്നറിയിപ്പ്. പകൽ പുറത്തിറങ്ങരുതെന്ന് ജാഗ്രത നിർദേശം. മരണത്തിലേക്ക് നയിക്കാവുന്ന ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പൊതുജനങ്ങൾ സ്വയംപ്രതിരോധം തീർക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉഷ്ണതരംഗ മുന്നറിയിപ്പിന് പിന്നാലെ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസാകും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉയർന്ന രാത്രി താപനില സാധ്യതയുണ്ട്.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്. ഉയർന്ന താപനില നിലനിൽക്കുന്നതിനാൽ സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യതയേറെയാണ്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയവ നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലിസമയം ക്രമീകരിക്കണം. നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധമാർഗം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവർ തണലിൽ മാറി വിശ്രമിച്ചശേഷം വൈദ്യസഹായം തേടുക.
- പകൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
- ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന പുറം ജോലികൾ നിർത്തിവെക്കുക
- ദാഹമില്ലെങ്കിലും ധാരാളമായി വെള്ളം കുടിക്കുക
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക
- പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം കുടിക്കുക
- കായികാധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകളിൽ വിശ്രമിച്ച് ജോലി ചെയ്യുക
- നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ ഒഴിവാക്കുക
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക
- അംഗൻവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം ഒരുക്കണം
- വീട്ടിലും ഓഫിസിലും തൊഴിലിടത്തിലും വായുസഞ്ചാരം ഉറപ്പാക്കുക
- അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിച്ചശേഷം വൈദ്യസഹായം തേടുക
- കുട്ടികളെയും വളർത്തുമൃഗങ്ങളെയും പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്
- പൊതുപരിപാടികൾ വൈകുന്നേരങ്ങളിലേക്ക് മാറ്റണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.