മാന്നാർ: മഴ പെയ്താൽ തോടിന് സമാനമായി മാറി മാന്നാർ ഗ്രാമപഞ്ചായത്തിൽ പോസ്റ്റ് ഓഫിസ് ജങ്ഷൻ-കുരട്ടിക്കാട് പൈനുംമൂട് മുക്ക് റോഡ്. അഞ്ച്, ആറ് വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. റോഡിൽ മേജർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കുവശമുണ്ടാകുന്ന വലിയ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു.
ആർക്കും നടന്നുപോലും പോകാൻ കഴിയാത്ത രീതിയിലൂള്ള വെള്ളമാണ് റോഡിൽ. ഇതുവഴി വാഹനങ്ങൾ പോകുമ്പോൾ തൊട്ടടുത്തുള്ള കടകളിലേക്ക് വെള്ളം ഇരച്ചുകയറുന്ന നിലയിലാണ്. കിഴക്ക് പൈനുംമൂട് ഭാഗത്തുനിന്ന് ഉൾപ്പെടെ ഒലിച്ചുവരുന്ന വെള്ളമാണ് ഇവിടെ കെട്ടി നിൽക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തൊട്ടടുത്തുകൂടി പമ്പാനദിയിലേക്ക് ഒഴുകുന്ന തൊട്ടിലേക്ക് വെള്ളം പോകാൻ പൈപ്പ് സ്ഥാപിച്ചിരുന്നു. പൈപ്പിൽകൂടി പോകാൻ കഴിയുന്നതിലും കൂടുതൽ വെള്ളമാണ് ഇവിടെ എത്തുന്നത്.
ഈ വെള്ളം മുഴുവൻ ഒഴുകിപ്പോകണം എങ്കിൽ ധർമശാസ്ത ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന് തുടങ്ങി തൃക്കുരട്ടി ക്ഷേത്രത്തിനു കിഴക്ക് വശത്തുള്ള തോട് വരെ വലിയ ഓട നിർമിക്കുകയാണ് വേണ്ടതെന്ന് നാട്ടുകാർ ചൂണ്ടികാട്ടുന്നു. ഇതിനുള്ള നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.