കുമാരപുരം: എരിക്കാവിലെ ഗുരുദേവ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എന്ന ധനകാര്യസ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുന്നതിൽ കാലതാമസം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയോട് അന്വേഷിക്കാൻ ജില്ല പൊലീസ് മേധാവി ഉത്തരവിട്ടെങ്കിലും കേസ് ഫയലുകൾ ഇതുവരെ കൈമാറിയില്ല. കേസുകൾ സംബന്ധിച്ച റിപ്പോർട്ടും സാക്ഷിമൊഴികളും അനുബന്ധരേഖകളും ഫയലാക്കാൻ കൂടുതൽ സമയം വേണമെന്നാണ് ലോക്കൽ പൊലീസ് നിലപാട്.
രണ്ട് കേസുകളുടെ ഫയലുകൾ കൂടിയേ ക്രോഡീകരിക്കാൻ ഉള്ളൂവെന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃക്കുന്നപ്പുഴ പൊലീസ് ആകെ 55 കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട ശേഷമാണ് മൂന്ന് കേസ് രജിസ്റ്റർ ചെയ്തത്. ഹരിപ്പാട് കോടതിയിലെ അദാലത്തിൽ പങ്കെടുത്ത 50,000 രൂപ വരെ നിക്ഷേപിച്ച 25 പേർക്ക് പണം തിരിച്ചുനൽകിയെന്ന് ധനകാര്യസ്ഥാപന ഉടമകൾ പറയുന്നു. നിക്ഷേപകർക്ക് പല ഗഡുക്കളായി പണം തിരികെ നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും ഇവർ വിശദീകരിക്കുന്നു.
അതിനിടെ, സ്ഥാപന ഉടമകളുടെ അറസ്റ്റ് തടഞ്ഞ കോടതി ഉത്തരവിന്റെ കാലാവധി അവസാനിച്ചു. കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഈയാഴ്ച മുതൽ ഹരിപ്പാട് കോടതിയിൽ പ്രതിവാര അദാലത്തുകൾ നടന്നേക്കും. ലീഗൽ സർവിസ് കമ്മിറ്റിക്ക് 800ലേറെ പരാതിയാണ് ലഭിച്ചത്. ഇതിൽ 304 പരാതിയിൽ അദാലത് നടത്തി. കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് പ്രത്യേക അദാലത് നടത്തണമെന്നാവശ്യപ്പെട്ട് ജില്ല ജഡ്ജിക്ക് സ്ഥാപന ഉടമകൾ അപേക്ഷ നൽകിയെങ്കിലും തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.