അരൂർ: ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പാക്കിയിട്ടും അരൂർ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ആവശ്യത്തിന് കുടിവെള്ളമെത്തുന്നില്ല. ജപ്പാൻ കുടിവെള്ളത്തിന് നിലവിൽ 18,000 ഉപഭോക്താക്കൾ ഉണ്ടെന്നാണ് കണക്ക്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും മുകളിലെ ടാങ്കുകളിലേക്ക് ഇപ്പോൾ വെള്ളം കയറുന്നില്ല. പഞ്ചായത്ത് ഓഫിസിന് സമീപത്തെ കൂറ്റൻ ജലസംഭരണി നിറയാൻ 26 ലക്ഷം ലിറ്റർ വെള്ളം വേണം. ടാങ്ക് പൂർണമായും നിറയുമ്പോഴാണ് വീടുകളിലെ പൈപ്പുകളിലേക്ക് വെള്ളം തുറന്നുവിടുന്നത്. വലിയ മർദമുള്ള ഈ സമയത്തുപോലും വീടിന് മുകളിലെ ടാങ്കുകളിലേക്ക് വെള്ളം കയറുന്നില്ല എന്നാണ് പരാതി.
വെള്ളത്തിന് ആവശ്യക്കാർ ഏറുമ്പോൾ ടാങ്കിന് സമീപത്തെ വീടുകൾക്ക് മുകളിലെ ടാങ്കുകളിൽ വെള്ളം എത്തില്ലെന്ന് അധികൃതർ പറയുന്നു. പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ വെള്ളം ശേഖരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുകയാണ് നാട്ടുകാർ. ഭൂമിക്കടിയിൽ ടാങ്കുകൾ സ്ഥാപിക്കുകയും മോട്ടോർ സ്ഥാപിച്ച് വീടിന് മുകളിലുള്ള ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്തു കയറ്റുകയാണ്.
ജപ്പാൻ കുടിവെള്ളം പഞ്ചായത്തിലാകെ വ്യാപിപ്പിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നു. മുഴുവൻ ആവശ്യങ്ങൾക്കും ജപ്പാൻ കുടിവെള്ളത്തെ ആശ്രയിക്കരുതെന്നും ബോധവത്കരണം നടത്തണം.
പഞ്ചായത്തുകളിലെ വലിയ പൊതുകുളങ്ങൾപോലും അവഗണിക്കുകയും പലതും മൂടിപ്പോവുകയും ചെയ്തു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വരവോടെ ഉപേക്ഷിക്കപ്പെട്ട പഞ്ചായത്തിന്റെ തനത് ലഘു ശുദ്ധജല വിതരണ പദ്ധതികൾ പുനരുജ്ജീവിപ്പിക്കണമെന്ന് അസ്ക സാംസ്കാരിക സംഘം സെക്രട്ടറി ശ്രീശുകൻ, പ്രസിഡൻറ് പി. ഷാജീവൻ, മത്സ്യസംസ്കരണ - വിപണന തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) അരൂർ മേഖല സെക്രട്ടറി ഇ.വി. അംബുജാക്ഷൻ, പ്രസിഡന്റ് സി.ആർ. ആൻറണി, അരൂർ ഫാർമേഴ്സ് ക്ലബ്, ജെ.എസ്.എസ് അരൂർ മേഖല കമ്മിറ്റി, പി.ഡി.പി അരൂർ ഏരിയ കമ്മിറ്റി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.