ആലപ്പുഴ: 69ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന കുട്ടിയാനക്ക് ‘കേശു’എന്ന് പേരിട്ടു. കലക്ടർ ഹരിത വി. കുമാറാണ് ‘കേശു’എന്ന പേര് പ്രഖ്യാപിച്ചത്. ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ സാജിദ് യഹിയ പേര് പതിച്ച ഭാഗ്യചിഹ്നം കലക്ടർക്ക് കൈമാറി.
വാട്സ്ആപ്പിലൂടെ 3217 എൻട്രിയാണ് ലഭിച്ചത്. വിദേശ രാജ്യങ്ങളിൽനിന്നുൾപ്പെടെ നിരവധി മലയാളികളും പേര് നിർദേശിച്ചിരുന്നു. കേശു എന്ന പേര് 25 പേർ നിർദേശിച്ചു.
ഇവരിൽനിന്ന് നറുക്കെടുപ്പിലൂടെ പത്തനംതിട്ട മണ്ണടി പ്ലാവില പുത്തൻവീട്ടിൽ വൃന്ദകുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. വിജയിക്ക് ആലപ്പുഴ മുല്ലക്കൽ നൂർ ജ്വല്ലറി നൽകുന്ന സ്വർണനാണയം സമ്മാനമായി ലഭിക്കും.
സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് ജേതാവ് സുധർമദാസ്, ദൂരദർശൻ കമന്റേറ്റർ ഹരികുമാർ വാലേത്ത്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പി.ആർ. റോയ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് പേര് തെരഞ്ഞെടുത്തത്. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ നസീർ പുന്നയ്ക്കൽ, കൗൺസിലർ സിമി ഷാഫി ഖാൻ, കമ്മിറ്റി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റിയ അംഗങ്ങളായ കെ. നാസർ, ഹരികുമാർ വാലേത്ത്, എബി തോമസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.