ആലപ്പുഴ: ആരോഗ്യ മേഖലയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തെ ബാധിക്കുന്ന സ്ഥിതി. ഒഴിവുകൾ നികത്താത്തതും താൽക്കാലികക്കാരെ പിരിച്ചുവിട്ടതുമാണ് പ്രശ്നം.
ദേശീയ ആരോഗ്യ ദൗത്യത്തിൽ (എൻ.എച്ച്.എം) മാത്രം സംസ്ഥാനത്ത് 2,203 ജീവനക്കാരുടെ കുറവുണ്ട്. ഡോക്ടർ, നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ഭരണവിഭാഗം തുടങ്ങി ഒട്ടേറെ തസ്തികകളിലാണ് ക്ഷാമം. 12,009 ജീവനക്കാരെ എൻ.എച്ച്.എം വഴി നിയമിക്കാവുന്നിടത്ത് ഇപ്പോൾ 9,806 ജീവനക്കാരേയുള്ളൂ.
ഓരോ ജില്ലയിലും 100 മുതൽ 200 വരെ ജീവനക്കാരുടെ കുറവുണ്ട്. സംസ്ഥാനതല ഓഫിസിലുമുണ്ട് നൂറിലധികം ഒഴിവ്. റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച തസ്തികകളിൽപോലും നിയമനം തുടങ്ങിയിട്ടില്ല. സാധാരണ മഴയെത്തും മുമ്പ് ഒഴിവുകൾ നികത്തി ആരോഗ്യ മേഖലയെ എൻ.എച്ച്.എം ശക്തിപ്പെടുത്താറുണ്ട്. ഇക്കുറി അതുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് സൂചന. കോവിഡുമായി ബന്ധപ്പെട്ട് നിയമിച്ചവരെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നേരത്തേ പിരിച്ചുവിട്ടിരുന്നു. പുതിയ തസ്തിക സൃഷ്ടിക്കാത്ത ഇടങ്ങളിലും നിലവിലെ ഒഴിവുകളിലുമെല്ലാം കരാർ ജീവനക്കാരെ നിയമിച്ചു ശമ്പളം നൽകുന്നത് എൻ.എച്ച്.എം ആയിരുന്നു. മഴക്കാലത്താണ് ഇത്തരം നിയമനം കൂടുതൽ. മഴ തുടങ്ങിയതോടെ പകർച്ചവ്യാധി വ്യാപകമായി. ഡെങ്കിപ്പനി, എലിപ്പനി എന്നിവയാണ് കൂടുതലും. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരുടെ (ആശ) എണ്ണവും കുത്തനെ കുറഞ്ഞു. തുടക്കത്തിൽ 33,000 ആശമാരാണുണ്ടായിരുന്നത്. ഇപ്പോഴത് 28,000ൽ താഴെയായി. മറ്റുജോലികൾ ലഭിച്ചുപോകുന്ന ആശമാർക്കു പകരം പുതിയ നിയമനം നടത്താത്തതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.