ചങ്ങനാശ്ശേരി: മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ നാലാംതവണയും ജനവിധി നേടിയ കൊടിക്കുന്നിൽ സുരേഷിന് ചങ്കായി കൂടെനിന്നത് ചങ്ങനാശ്ശേരി മാത്രം. കഴിഞ്ഞതവണയും ഏറ്റവും കൂടുതൽ ഭൂരിപക്ഷമായ 23,410 നേടിയതും അഞ്ചുവിളക്കിന്റെ നാട്ടിൽനിന്നായിരുന്നു.
കേരള കോൺഗ്രസിന്റെ സ്വാധീനത്തെയും മറികടന്ന് ഇക്കുറി 16,450 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. 2019ൽ 73ശതമാനം പോളിങ് ആയിരുന്നു. ഇത്തവണ 62 ശതമാനമായി പോളിങ് കുറഞ്ഞതാണ് ഭൂരിപക്ഷം ഇടിയാൻ കാരണമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ആദ്യപകുതി വോട്ടെണ്ണലിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. സി.എ. അരുൺ കുമാറാണ് മുന്നിട്ടുനിന്നത്. മണ്ഡലത്തിലെ സജീവ സാന്നിധ്യവും കൊടിക്കുന്നിലിന്റെ വ്യക്തിപ്രഭാവവും എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഗ്രാമപ്രദേശങ്ങളിലും ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനടക്കം നഗരവികസനവും വോട്ടായി മാറി.
ഇതിനൊപ്പം എൻ.എസ്.എസ്, എസ്.എൻ.ഡി.പി, ചങ്ങനാശ്ശേരി അതിരൂപത, മുസ്ലിം അടക്കമുള്ള വിഭാഗങ്ങളടക്കമുള്ളവരുടെ പിന്തുണയും കിട്ടി. കെ.പി.എം.എസ്, എ.കെ.സി.എച്ച്.എം.എസ് തുടങ്ങി വിവിധ മത-സാമുദായിക സംഘടനകളുമായുള്ള അടുത്തബന്ധവും അനുകൂലമായി.
മണ്ഡലത്തിൽ മാടപ്പള്ളി പഞ്ചായത്തിൽനിന്നാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. ഇവിടെ 4493 ഭൂരിപക്ഷമുണ്ടായിരുന്നു. വാഴപ്പള്ളി (4189), കുറിച്ചി (699), തൃക്കൊടിത്താനം (1934), പായിപ്പാട് (1022), ചങ്ങനാശ്ശേരി ഈസ്റ്റ് (2464), ചങ്ങനാശ്ശേരി വെസ്റ്റ് -1649 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. മണ്ഡലത്തിൽ യു.ഡി.എഫ് -54843, എൽ.ഡി.എഫ് -38393, എൻ.ഡി.എ -14276 വോട്ടാണ് നേടിയത്.
മാവേലിക്കര: മാവേലിക്കര നിയമസഭ മണ്ഡലത്തിൽ മുന്നിലെത്തിയത് ഇടതു സ്ഥാനാർഥി സി.എ. അരുൺകുമാർ. യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെക്കാൾ 6166 വോട്ട് നേടിയാണ് ഒന്നാമനായത്. ഇവിടെ 2000 വോട്ടിന് പിന്നിലാകുമെന്നായിരുന്നു യു.ഡി.എഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. 2019ൽ കൊടിക്കുന്നിൽ സുരേഷിന് 969 വോട്ടിന്റെ മേൽകൈ നേടിയ മണ്ഡലമാണ്.
ഇത്തവണ ഭൂരിപക്ഷം തിരിച്ചുപിടിച്ച് മുന്നേറുന്ന കാഴ്ചയായിരുന്നു. ഇടത്-വലത് മുന്നണികളെ മാറിയും മറിഞ്ഞും വരിച്ച മാവേലിക്കരയിൽ ഇത്തവണത്തെ അങ്കത്തിൽ 10,000-15000 ഇടയിൽ ലീഡ് ലഭിക്കുമെന്നായിരുന്നു ഇടതു മുന്നണിയുടെ കണക്കുകൂട്ടൽ. ഫലമറിഞ്ഞപ്പോൾ അത് പാളി. 2011ൽ 5150ഉം 2016ൽ 31,542ഉം 2021ൽ എം.എസ്. അരുൺകുമാർ 24,717ഉം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടതു സ്ഥാനാർഥികൾ നിയമസഭയിലേക്ക് തെരഞ്ഞെടുത്തത്.
എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ മുൻതൂക്കം നിലനിർത്താൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല. 2009ൽ കൊടിക്കുന്നിൽ സുരേഷിനെതിരെ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർഥി ആർ.എസ്. അനിൽ 800 വോട്ടിന്റെ മുന്നിലായിരുന്നു. 2014ൽ ഇടതു സ്ഥാനാർഥി ചെങ്ങറ സുരേന്ദ്രന് 6467 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. എന്നാൽ, 2019ൽ ചിത്രം മാറി. കൊടിക്കുന്നിൽ അന്ന് മത്സരിച്ച ഇടതുമുന്നണി സ്ഥാനാർഥി ചിറ്റയം ഗോപകുമാറിനെക്കാൾ 969 വോട്ട് കൂടുതൽ നേടി.
തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെക്കാൾ എൽ.ഡി.എഫ് നില മെച്ചപ്പെടുത്തിയെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 4140 വോട്ട് കുറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ കെ. സഞ്ചു 30,955 വോട്ട് നേടി.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ വോട്ട് വിഹിതം 40,042 വോട്ടായി വർധിക്കുകയും ചെയ്തിരുന്നു. എന്നാൽ എൻ.ഡി.എയുടെ ബൈജു കലാശാലക്ക് കഴിഞ്ഞ പാലർമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനെക്കാൾ മുന്നിലെത്താൻ കഴിഞ്ഞു. ഇക്കുറി മാവേലിക്കര നഗരസഭയിലും തഴക്കര പഞ്ചായത്തിലും മാത്രമാണ് കൊടിക്കുന്നിലിന് ലീഡ് ലഭിച്ചത്. മറ്റ് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മുന്നിലെത്തി.
ചെങ്ങന്നൂർ: നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം ഇടിഞ്ഞു. 62.06 ശതമാനം പോളിങ് നടന്ന ചെങ്ങന്നൂര് 1638 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന് നേടാനായത്. 2019ൽ 9839 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്.
കൊടിക്കുന്നിലിന് 49,031ഉം എൽ.ഡി.എഫ് സ്ഥാനാർഥി സി.എ. അരുൺകുമാറിന് 47,393ഉം എൻ.ഡി.എ സ്ഥാനാർഥി ബൈജു കലാശാലക്ക് 25,424 വോട്ടാണ് കിട്ടിയത്. 2019ൽ 61,242 വോട്ടാണ് യു.ഡി.എഫിന് കിട്ടിയത്. ഇതിൽ 12,211 വോട്ടിന്റെ കുറവുണ്ട്.
അന്ന് എൽ.ഡി.എഫിന് 51,043 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തെക്കാൾ 4010 വോട്ട് കുറഞ്ഞു. എൻ.ഡി.എ സ്ഥാനാർഥി 570 വോട്ട് കൂടുതൽ നേടി. യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും സംഘടന ദൗർബല്യത്തെ മറികടക്കാനായത് സംസ്ഥാന-കേന്ദ്രസർക്കാറുകളുടെ ജനവിരുദ്ധ നയസമീപനങ്ങളാണ്.
മണ്ഡലത്തിൽ ചെങ്ങന്നൂർ നഗരസഭ, വെൺമണി, ചെറിയനാട്, ആലാ പഞ്ചായത്തുകളാണ് യു.ഡി.എഫിനെ തുണച്ചത്. അതേസമയം, എൽ.ഡി.എഫിന് മേൽക്കൈ ലഭിച്ചിരുന്ന മുളക്കുഴ പഞ്ചായത്തിൽ ഇത്തവണ ലഭിച്ചില്ല. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സജി ചെറിയാൻ 32,093 ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അന്ന് കോൺഗ്രസിലെ എം. മുരളിയെയാണ് തോൽപിച്ചത്. എൽ.ഡി.എഫ് 48.50 ശതമാനവും യു.ഡി.എഫ് 26.78 ശതമാനവും എൻ.ഡി.എ 23.52 ശതമാനവും വോട്ട് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.